KeralaLatest NewsLocal news

വെള്ളച്ചാട്ടത്തിലെ അപകട മുനമ്പില്‍ യുവാവ്; സുഹൃത്തും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷിച്ചു

അടിമാലി: മാങ്കുളം പെരുമ്പന്‍കുത്തില്‍, പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ എത്തിയ യുവാവിനെ സുഹൃത്തും ഈ സമയം അതുവഴിയെത്തിയ മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്. കുറത്തിക്കുടി ആദിവാസി ഉന്നതിയിലുള്ള യുവാവാണ് പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ എത്തിയത്.

മദ്യ  ലഹരിയില്‍ യുവാവ് വെള്ളച്ചാട്ടത്തോട് ചേര്‍ന്ന് വലിയ താഴ്ച്ചയുള്ള ഭാഗത്തേക്കെത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളച്ചാട്ടത്തോട് ചേര്‍ന്ന ഈ പ്രദേശം വലിയ താഴ്ച്ചയുള്ളതും പാറക്കെട്ട് നിറഞ്ഞതുമായ ഭാഗമാണ്. വഴുക്കലുള്ള ഇവിടെ നിന്നും യുവാവ് താഴേക്ക് പതിച്ചിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. അപകട മുനമ്പിലെത്തിയ യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും സംഭവ സമയത്ത് ഇതുവഴിയെത്തിയ മാങ്കുളത്തെ ജീപ്പ് ഡ്രൈവര്‍മാരായ ബിബിന്‍ അന്തിനാട്ട്, സെബിന്‍ ചുണ്ടക്കാട്ട്, അലകസ് പാമ്പുംകയം എന്നിവരും ചേര്‍ന്നാണ് യുവാവിനെ അപകട മുനമ്പില്‍ നിന്നും സാഹസികമായി രക്ഷിച്ചത്.

അപകട മുനമ്പിലേക്കെത്തിയ യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ പണയപ്പെടുത്തിയാണ് സുഹൃത്തിനെ രക്ഷിക്കാനായി പിന്നാലെയെത്തിയത്. ജീപ്പ് ഡ്രൈവര്‍മാരും സുഹൃത്തിനൊപ്പം ചേര്‍ന്നു.അപകട മുനമ്പില്‍ നിന്നും യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. വെള്ളച്ചാട്ടത്തിനറ്റത്തു നിന്നും യുവാവിനെ തിരികെ വലിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ നെഞ്ചിടിപ്പേറ്റുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!