KeralaLatest NewsNational

ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം; ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയില്‍

അടിമാലി: വട്ടവടയിലെ ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഇടപെടാന്‍ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കലാണ് ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായായുള്ള ഈ പദ്ധതിയിലൂടെ 2850 കുടുംബങ്ങള്‍ക്ക് ശുദ്ധ ജലം ലഭിക്കുമെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതിക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തമിഴ്‌നാട്ടിലെ അമരാവതി ഡാമലേയ്ക്കുള്ള നീരൊഴുക്ക് കുറയുമെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. തമിഴ്നാട്ടിലെ തിരുപ്പുര്‍, കരൂര്‍ ജില്ലകളിലെ 55,000 ഏക്കര്‍ ഭൂമിയില്‍ ജലസേചനത്തിനായുള്ള വെള്ളം ലഭിക്കുന്നത് അമരാവതി അണക്കെട്ടില്‍നിന്നാണ്. അതിനാല്‍ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ പ്രതിസന്ധിയിലാകും എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം.

കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണമെന്നും ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശനം പരിഹരിക്കപ്പെട്ടില്ല. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് ചീഫ് സെക്രട്ടറിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്. ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!