CrimeKeralaLatest NewsLocal news

ഏലപ്പാറയിലെ കൊലപാതകം: പ്രതിയെ 6 മണിക്കൂറിനുള്ളിൽ പിടികൂടി പീരുമേട് പോലീസ്.

ഇടുക്കി : ഏലപ്പാറ ടൗണിലെ ലോഡ്ജ് മുറിയിൽ കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെയാണ് (33) കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മണിക്കൂറുകൾക്കുള്ളിൽ പീരുമേട് പോലീസ് പിടികൂടിയത്. ​ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി മനു ജോസഫും സൈഫുദ്ദീനും ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഏലപ്പാറയിലുള്ള ശിവദാസന്റെ ലോഡ്ജിലായിരുന്നു താമസം.

മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായത് സംശയത്തിന് ഇടയാക്കി. ​കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൂടെയുണ്ടായിരുന്നയാളെക്കുറിച്ചോ തുടക്കത്തിൽ വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിരുന്നില്ല. പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി സൈഫുദ്ദീൻ മണ്ഡലാണെന്ന് തിരിച്ചറിഞ്ഞത്. ​പ്രതി നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!