എണ്ണക്കമ്പനികള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍

എണ്ണക്കമ്പനികള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി. (Govt slashes excise duty on petrol and diesel)പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധനനീക്കത്തിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായകനീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു.
ഇറാന്- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. നയാര വില കൂട്ടിയത് രാജ്യത്താകെ ഇന്ധനവില ഉയര്‍ത്തിയേക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആഭ്യന്തര വിപണിയില്‍ വില പിടിച്ചുനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം



