ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണി സ്ഥാനാര്‍ത്ഥികള്‍

അടിമാലി: വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കെത്താന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണിനി അവശേഷിക്കുന്നത്. പ്രചാരണത്തിനുള്ള ദിവസങ്ങള്‍ കുറയുന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് ദേവികുളം മണ്ഡലത്തിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ അടിമാലി മേഖലയില്‍ ഇന്ന് വോട്ടഭ്യര്‍ത്ഥന നടത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ മാങ്കുളത്തായിരുന്നു ഇന്ന് പ്രചാരണം നടത്തിയത്.
എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചാരണത്തിന് ആവേശം പകര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. നവമാധ്യമങ്ങളിലൂടെയും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം കൊഴുക്കുന്നു. പ്രചാരണം മുമ്പോട്ട് പോകവെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ കന്നി വിജയം കരസ്ഥമാക്കാന്‍ എന്‍ഡിഎയും മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കാന്‍ യുഡിഎഫും പ്രചാരണ രംഗത്ത് കച്ചകെട്ടിയതോടെ തെരഞ്ഞെടുപ്പ് ഗോഥയില്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.
പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം. പകല്‍ സമയത്തെ ഉയര്‍ന്ന താപനില തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്നോട്ടടിക്കുന്നില്ല.വിസ്തൃതിയേറെയുള്ള ദേവികുളം മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചാരണത്തിനായി ഓടി എത്തുക സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ ശ്രമകരമായ കാര്യമാണ്. മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള മറ്റ് സ്ഥാനാര്‍ത്ഥികളും പ്രചാരണ രംഗത്തുണ്ട്.



