ദേവികുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എഫ് രാജയുടെ പ്രചരണാർത്ഥം മൂന്നാറിൽ യു ഡി എഫ് നിയോജക മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു

മൂന്നാർ: പഴയ മൂന്നാറിലെ പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു യു ഡി എഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചത്. കനത്ത മഴയെ അവഗണിച്ചും നിരവധി യു ഡി എഫ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ കർഷകരുടെ കണ്ണീര് കണ്ട് ഇനിയും സർക്കാരിന് മുമ്പോട്ട് പോകാൻ കഴിയില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടുക്കിയിലെ പട്ടയപ്രശ്നങ്ങളും ഭൂ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നൂറു കണക്കിന് യു ഡി എഫ് പ്രവർത്തകർ പങ്കെടുത്ത കൺവൻഷൻ മണ്ഡലത്തിൽ യു ഡി എഫിൻ്റെ ശക്തി പ്രകടനം കൂടിയായി. തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ കൺവൻഷനിൽ സംസാരിച്ചു. യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം ചെയർമാൻ എം ബി സൈനുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡന്റ് സിപി മാത്യു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂർ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വി അഗസ്റ്റിൻ, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി പിസി ജയൻ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ തുടങ്ങിയവർ സംസാരിച്ചു. കൺവൻഷനിൽ എത്തിയ പ്രവർത്തകർ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജക്ക് സ്വീകരണം നൽകി.



