
സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് വണ്ടിപ്പെരിയാര്‍ മേഖല സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ ആദിമഗോത്ര സമൂഹമായ മലപണ്ടാരം വിഭാഗക്കാരുമായി കളക്ടര്‍ സംവദിച്ചു. തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍ബന്ധമായും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കളക്ടര്‍ അവരോട് വിശദീകരിച്ചു. വോട്ടിംഗ് സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കുകയും ബോധവല്‍ക്കരണ സന്ദേശം നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുമെന്ന് അവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടറെ അറിയിച്ചു.
പരമ്പരാഗതമായി നാടോടി വനവാസികളാണ് മലപണ്ടാര വിഭാഗക്കാര്‍. കാടുകളില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവര്‍ കുറച്ചുകാലം ഒരു സ്ഥലത്ത് തങ്ങിയ ശേഷം, വനേതര ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി മറ്റൊരു സ്ഥലത്തേക്ക് മാറുന്നതാണ് ഇവരുടെ രീതി. വനം വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
വോട്ടര്‍ വിദ്യാഭ്യാസം, വോട്ടര്‍ അവബോധം പ്രചരിപ്പിക്കല്‍, വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന പരിപാടിയാണ് സ്വീപ്പ്. പൗരന്മാര്ക്കും വോട്ടര്‍മാര്‍ക്കും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ജനാധിപത്യപ്രക്രിയയില്‍ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വീപ്പ് സംഘടപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിരുന്നു ജില്ലാ കളക്ടറുടെ സന്ദര്‍ശനം



