10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നു’; രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാഹുൽ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കുറച്ച് കാര്യങ്ങൾ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാൻ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാരെ ജയിലിലേക്ക് അയക്കാൻ എൻഡിഎക്കെ ആവൂ. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. രാഹുൽ ഗാന്ധി കണ്ടിട്ടില്ലെങ്കിൽ ഞാൻ ആ വീഡിയോ അങ്ങോട്ട് അയക്കാം. ഇലക്ഷനിൽ തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് മനസ്സിലായിട്ടുണ്ട്. കോൺഗ്രസ് ഓരോ ദിവസം ഓരോ പുതിയ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു.ഇന്നലത്തെ പുതിയ പ്രചാരണം FCRAയെ കുറിച്ചാണ്. ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുമെന്നാണ് പുതിയ പ്രചാരണം. അത് പച്ചക്കള്ളം. എഫ്സിആർഎയെ ചില സ്ഥാപനങ്ങൾ മിസ്യൂസ് ചെയ്യുന്നു, അതിന് പിന്നിൽ മണി ലോണ്ടറിങ് നടക്കുന്നു. അത് ക്രൈസ്തവ സമുദായത്തെ ബാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇത്തരം കോൺഗ്രസ് ആരോപണങ്ങളെ ഞങ്ങൾ പൊളിക്കും. ക്രൈസ്തവ സമുദായങ്ങൾക്ക് ആശങ്കയുണ്ടെന്നത് സത്യം. ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. ആരെയും ഈ വിഷയത്തിൽ ഉപദ്രവിക്കില്ലെന്ന് എന്റെ ഉറപ്പാണ്.നേമം എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് പറയുന്നു. എം എ ബേബിക്കും ഇതുതന്നെയാണ് അഭിപ്രായം. എങ്കിൽ എന്താണ് ഇവർ തമ്മിൽ വ്യത്യാസം. എസ്ഡിപിഐയെ സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ തന്നെ ആശയക്കുഴപ്പമുണ്ട്.
10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ എസ്ഡിപിയുടെ കാല് പിടിക്കുന്നു. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ അദ്ദേഹം മണ്ഡലത്തിൽ എത്തി കാര്യങ്ങൾ കാണട്ടെ. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുമ്പോൾ സിപിഎം എസ്ഡിപിയുടെ പിന്തുണ തേടുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു



