KeralaLatest NewsLocal news

ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവ് നായ്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍

അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവ് നായ്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍. അടിമാലി ടൗണില്‍ മാതാ ബാര്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന് മുകളിലായിരുന്നു തിരികെയിറങ്ങാന്‍ കഴിയാത്തവിധം രണ്ട് തെരുവ് നായ്ക്കള്‍ അകപ്പെട്ടത്. നായ്ക്കള്‍ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയെന്ന് മനസ്സിലായതോടെ ആളുകള്‍ വിവരം അടിമാലി അഗ്നിരക്ഷാസേനയെ അറിയിച്ചു.

വൈകാതെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. താഴെയിറങ്ങാന്‍ കഴിയാതെ കെട്ടിടത്തിന് ചുറ്റും കറങ്ങി നടന്നിരുന്ന നായ്ക്കളെ പിടികൂടാന്‍ ശ്രമമാരംഭിച്ചു. സേനാംഗങ്ങള്‍ അരികിലേക്കെത്തുമ്പോള്‍ ഭയന്നോടിയും ഒളിച്ചിരുന്നും നായ്ക്കള്‍ രക്ഷകരായി എത്തിയവരെ വലച്ചു. ഏറെ നേരം സാഹസികമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ നായ്ക്കളില്‍ ഒരെണ്ണത്തെ പിടികൂടി സേനാംഗങ്ങള്‍ താഴെയെത്തിച്ചു. രണ്ടാമത്തെ നായയെ കൂടി പിടികൂടി താഴെയെത്തിക്കുവാന്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ ശ്രമം തുടര്‍ന്നു.

ഇതിനിടെ കെട്ടിടത്തിന് താഴെ കാഴ്ച്ചക്കാര്‍ കൂടി. ചിലര്‍ സേനാംഗങ്ങള്‍ക്ക് തങ്ങളാലാകുംവിധമുള്ള സഹായവുമായി എത്തി. പൊരിവെയില്‍ കൂടിയായതോടെ അഗ്നിരക്ഷാസേനാംഗങ്ങളുടെ ശ്രമം കഠിനമായി. റോപ്പടക്കം ഉപയോഗിച്ച് സേനാംഗങ്ങള്‍ നായയെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി രണ്ടാമത്തെ നായയേയും പിടികൂടി അഗ്നിരക്ഷാസേനാംഗങ്ങള്‍ താഴെയെത്തിച്ചു.

അടിമാലി അഗ്നിരക്ഷാസേനാംഗങ്ങളുടെ ശ്രമഫലമായി രണ്ട് മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ തിരികെ ലഭിച്ചതിനൊപ്പം കെട്ടിട ഉടമക്കും ആശ്വാസം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നായ്ക്കള്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിപറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!