ഇടമലക്കുടിയില്‍ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നു

അടിമാലി: വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സൊസൈറ്റി കുടിയിലെ ആരോഗ്യ കേന്ദ്രത്തില്‍ പുതിയ സംവിധാനം ഒരുക്കാനാണ് പദ്ധതിയിടുന്നത്. സ്കാനിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമാണ് നിര്‍മിക്കുക. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഗ്രൂപ്പ് മാനേജ്മെന്റിന്റെ നീക്കം.
നിലവില്‍ കെജിഎ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ വിദഗ്ഗ ഡോക്ടര്‍മാരുടെ നേതൃത്വ ത്തിലുള്ള രോഗനിര്‍ണയ ക്യാംപുകള്‍ നടന്നുവരുന്നുണ്ട്. കൂടാതെ ഡ്രൈവവറുടെ ശമ്പളം, ഇന്ധന ചെലവ് എന്നിവ ഉള്‍പ്പെടെ സൗജന്യ ആംബുലന്‍സ് സേവനവും കെജിഎ ഗ്രൂപ്പ് ഇടമലക്കുടിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ ഇടമലക്കുടിയിലെ ഗര്‍ഭിണികളടക്കമുള്ളവര്‍ സ്കാനിങ്ങിനായി ടാക്സി വിളിച്ച് മൂന്നാര്‍, അടിമാലി എന്നിവിടങ്ങളിലെത്തണം. പതിനായിരത്തിലധികം രൂപ ചെലവഴിച്ചാണ് ഇവര്‍ സ്കാനിങ് നടത്തുന്നത്. നവജാത ശിശുക്കള്‍ക്കുള്ള ചൂട് നല്കല് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇടമലക്കുടിയിലില്ല.



