ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കും

അടിമാലി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ റേഞ്ച് ലഭിക്കാത്ത ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വാര്‍ത്താവിനിമയാവശ്യങ്ങള്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാര്‍ ഇഡിസി സെന്റര്‍,മുളകുതറ കമ്യൂണിറ്റി ഹാള്‍, മൂന്നാര്‍ പഞ്ചാ യത്തിലെ തെന്മല എസ്റ്റേറ്റ് ക്രഷ്, മാങ്കുളം പഞ്ചായത്തിലെ ആനക്കുളം സെന്റ് ജോസഫ്‌സ് എഎല്‍പി സ്‌കൂള്‍ എന്നീ ബൂത്തുകളിലാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുക, വരണാധികാരികളുമായി ബന്ധപ്പെടുക, അടിയന്തരാവശ്യങ്ങള്‍ എന്നിവക്കാണ് ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ സേവനം ലഭ്യമാക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവികുളം മണ്ഡലത്തില്‍ 215 ബൂത്തുകളാണുള്ളത്. ഇതില്‍ വാഹനഗതാഗതമില്ലാത്തത് ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാര്‍, മുളകുതറ എന്നീ രണ്ടു ബൂത്തുകളാണ്. മൂന്നാറില്‍നിന്നു വാഹനത്തില്‍ പെട്ടിമുടി വഴി സൊസൈറ്റി കുടി വരെയത്തി അവിടെ നിന്നും കാട്ടുവഴികളിലൂടെ 13 കിലോമീറ്റര്‍ നടന്നു വേണം മുളകുതറയിലെ ബൂത്തിലെത്താന്‍.
മൂന്നാറില്‍ നിന്നു പെട്ടിമുടി വഴി സൊസൈറ്റിക്കുടി റോഡിലുള്ള ഇഡലിപാറക്കു മുന്‍പുള്ള കേപ്പക്കാട് നിന്നു തിരിഞ്ഞ് അര മണിക്കൂര്‍ കൂടി വാഹനത്തില്‍ സഞ്ചരിച്ച ശേഷം അവിടെ നിന്നും ഒന്നര മണിക്കൂര്‍ നടന്ന് വേണം പരപ്പയാര്‍ ബൂത്തിലെത്താന്‍. ഇടമലക്കുടിയിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി സ്വയം തല്‍പരരായി മുന്നോട്ടു വന്ന ഉദ്യോഗസ്ഥരെയാണു 3 ബൂത്തുകളിലും നിയമിച്ചിരിക്കുന്നത്. വോട്ടിങ് മെഷീന്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വാഹന ഗതാഗതമില്ലാത്ത രണ്ട് ബൂത്തുകളിലും ചുമന്നെത്തിക്കാന്‍ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.



