പരസ്യപ്രചാരണത്തിന് ഇനി 7 നാള് മാത്രം; ദേവികുളം മണ്ഡലത്തില്‍ പ്രചാരണ ചൂടുയരുന്നു

അടിമാലി: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനലാപ്പിലേക്കടുത്തപ്പോള് ദേവികുളം മണ്ഡലത്തില്‍ പ്രചാരണചൂടേറുകയാണ്. മുന്നണികള്‍ മൂന്നും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും പര്യടനവും ടോപ്പ് ഗിയറിലേക്ക് മാറ്റി.ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഓരോ വോട്ടും വിലയേറിയതെന്ന് മുന്നണികള്‍ തിരിച്ചറിയുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേന്ദ്ര പാര്‍ലമെന്ററി കാര്യ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍ മുരുകന് ഇന്ന് വട്ടവടയില്‍ എത്തി.
വട്ടവട മേഖലയിലെ കര്‍ഷകരോട് എല്‍ മുരുകന് എസ് രാജേന്ദ്രനായി വോട്ടഭ്യര്‍ത്ഥിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ പ്രചാരണാര്‍ത്ഥം മണ്ഡലത്തിലെത്തി. മൂന്നാറില്‍ പൊതുയോഗത്തില്‍ സംസാരിച്ച ഡി രാജ തോട്ടം തൊഴിലാളികളോട് എ രാജക്കായി വോട്ടഭ്യര്‍ത്ഥനയും നടത്തി. ബൈസണ്‍വാലി, അടിമാലി പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം.
മുട്ടുകാട്ടില്‍ നിന്നാരംഭിച്ച പര്യടനം 20ല്‍ അധികം കേന്ദ്രങ്ങളിലൂടെ വോട്ടഭ്യര്‍ത്ഥിച്ച് അടിമാലിയില്‍ സമാപിച്ചു. പര്യടന പരിപാടികളില്‍ വിവിധ യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയതോടെ പരമാവധി വോട്ട് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും.തികഞ്ഞ വിജയ പ്രതീക്ഷ മൂന്ന് മുന്നണികളും വച്ച് പുലര്‍ത്തുന്നു.
സ്ഥാനാര്‍ത്ഥികളുടെ പര്യടനത്തിനൊപ്പം വിവിധയിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരും നേതാക്കളും സജീവമാണ്. ടൗണുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പ്രചാരണവാഹനങ്ങളും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കുന്നു.



