
മൂന്നാര്‍: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി 6 നാള് മാത്രമാണ് അവശേഷിക്കുന്നത്. പ്രചാരണം അവസാന ലാപ്പിലേക്കെത്തിയതോടെ മണ്ഡലത്തിലെ മുന്നണികളുടെ തെരഞ്ഞെടുപ്പാവേശം ഉച്ചസ്ഥാതിയിലായി. ജില്ലയില്‍ പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം.ഈ മത്സരാവേശം മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉണ്ട്.
പെസഹാ ദിനത്തില്‍ മണ്ഡലത്തിലെ ആദിവാസി ഇടങ്ങളിലൂടെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ പര്യടനം. പ്ലാമലക്കുടിയും കുരങ്ങാട്ടിയും പെട്ടിമുടിയുമടക്കം വിവിധ ഉന്നതികളില്‍ എ രാജ ഇന്ന് വോട്ടഭ്യര്‍ത്ഥിച്ച് എത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന് മണ്ഡലത്തിലെ കാര്‍ഷിക മേഖലയിലൂടെയാണ് ഇന്ന് പര്യടനം നടത്തിയത്. കമ്പിലൈനും തോക്കുപാറയുമടക്കം വിവിധ കാര്‍ഷിക ഗ്രാമങ്ങളിലെത്തി എസ് രാജേന്ദ്രന് ആളുകളോട് വോട്ടഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ വട്ടവട, ദേവികുളം പഞ്ചായത്തുകളിലൂടെയായിരുന്നു ഇന്ന് പ്രചാരണം നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആവേശം ചോരാതെ മുന്നണി നേതാക്കളും പ്രവര്‍ത്തകരും ഒപ്പമുണ്ട്. ഉയര്‍ന്ന പകല്‍ ചൂടിനെയും മറികടക്കുന്നതാണ് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട്. നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥനക്കൊപ്പം സോഷ്യല്‍ മീഡിയ പേജുകളിലും സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥനയും പ്രചാരണവും ശക്തമാണ്.
ത്രികോണ മത്സര പ്രതീതിയുള്ള ദേവികുളം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളെ എത്തിച്ച് മുന്നണികള്‍ മൂന്നും ഇതിനോടകം തങ്ങളുടെ രാഷ്ട്രീയ ശക്തി തെളിയിച്ച് കഴിഞ്ഞു. പ്രചാരണ ദിവസങ്ങള്‍ ചുരുങ്ങുന്നതോടെ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പാവേശം കൊടുമുടി കയറുമെന്നുറപ്പ്.



