മൂന്നാർ : മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. പരീക്ഷക്കാലമായിരുന്നതിനാല്‍ രണ്ടു മാസമായി മന്ദഗതിയിലായിരുന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖല ഇടവേളക്കു ശേഷമാണ് അനക്കം വച്ചു തുടങ്ങിയത്. ക്രിസ്തുമസ്്, പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചുരുങ്ങിയ അളവില്‍ മാത്രമാണ് മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തിയത്.
എന്നാല്‍ മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളെത്തിത്തുടങ്ങി. ഈസ്റ്റര്‍, തിരഞ്ഞെടുപ്പ് എന്നിവക്കു ശേഷം മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, ഹൈഡല്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയും സഞ്ചാരികളുടെ തിരക്കാരംഭിച്ചിട്ടുണ്ട്. വരയാടുകളുടെ പ്രജനനകാലത്തെ ത്തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജമല തുറന്ന ആദ്യ ദിവസം 1227 പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു.
അതേ സമയം ടൂറിസം മേഖല ഈ സീസണില്‍ ചില പ്രതിസന്ധികളും നേരിടുന്നുണ്ട്. ചായക്കടകള്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. തമിഴ്‌നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആറില്‍ പേരു ചേര്‍ക്കുന്നതിനും വോട്ടു ചെയ്യാനുമായി ജീവനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. പാചകവാതക ക്ഷാമമാണ് ടൂറിസം, ഹോട്ടല്‍ മേഖലകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.



