പ്രചാരണം അവസാന ലാപ്പിലേക്ക്; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷയില്‍

മൂന്നാര്‍: ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രത്തോളം വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. അത്രത്തോളമുണ്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂടും പ്രചാരണാവേശവും. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്‍ഡിഎഫായിരുന്നു. തൊട്ടുപിന്നാലെ എന്‍ഡിഎ. പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടായി. സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞത് മുതല്‍ നാടിളക്കിയുള്ള പ്രചാരണത്തിന് മുന്നണികള്‍ മൂന്നും രൂപം നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ട ചൂട് ഉച്ചസ്ഥായിലാണ്. മണ്ഡലത്തില്‍ ത്രികോണ മത്സരമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പ്രചാരണ രംഗത്ത് എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം എന്‍ഡിഎ കൂടി കളം പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണ കാലമാണ് ഇത്തവണത്തേത്. മത്സര ഫലം പ്രവചനാതീതമെന്നിരിക്കെ പരസ്യ പ്രചാരണത്തിനായി അവശേഷിക്കുന്ന മൂന്ന് ദിവസങ്ങളില്‍ കൂടി അക്ഷീണം പ്രചാരണം മുമ്പോട്ട് കൊണ്ടു പോയി പരമാവധി വോട്ടര്‍മാരെ കണ്ട് അവസാന ലാപ്പില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ മൂന്നും.
കാന്തല്ലൂര്‍ മറയൂര്‍ പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ ഇന്നത്തെ പര്യടനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ ഇന്ന് മൂന്നാര്‍ മേഖലയിലായിരുന്നു വോട്ടഭ്യര്‍ത്ഥിച്ചത്. പെരിയകനാലില്‍ നിന്നാരംഭിച്ച എസ് രാജേന്ദ്രന്റെ ഇന്നത്തെ പര്യടനം ചെണ്ടുവരൈയില്‍ സമാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തമിഴ്‌നാട് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നാളെ മൂന്നാറില്‍ എത്തും.



