നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സിലേക്ക്;കൊട്ടികലാശം ആവേശത്തിലാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍.

അടിമാലി: ദിവസങ്ങള്‍ നീണ്ട പരസ്യപ്രചാരണത്തിനൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സിലേക്കടുക്കുകയാണ്.പരസ്യ പ്രചാരണത്തിന് ഇനി അവശേഷിക്കുന്നത് ഒരു രാവും പകലും മാത്രം. നാളെ വൈകിട്ട് പരസ്യ പ്രചാരണത്തിന് വിരാമം കുറിച്ച് മുന്നണികളുടെ കൊട്ടികലാശം നടക്കും. കൊട്ടികലാശം ആവേശത്തിലാക്കാനുള്ള ഒരുക്കങ്ങളിലാണ് ദേവികുളം മണ്ഡലത്തിലും മുന്നണികള്‍. അടിമാലിയും മൂന്നാറുമടക്കം മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ മുന്നണികള്‍ പരസ്യപ്രചാരണത്തിന്റെ കേളികൊട്ടവസാനിപ്പിച്ചുള്ള കലാശക്കൊട്ട് തങ്ങളുടെ രാഷ്ട്രീയ ശക്തിപ്രകടനമാക്കി മാറ്റും.
ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് ചൂടാണ് ഇത്തവണ ദേവികുളം നിയോജക മണ്ഡലത്തില്‍ ഇതുവരെ കണ്ടത്. അവസാന ലാപ്പില്‍ പ്രചാരണത്തില്‍ മേല്‍ക്കൈനേടാനുള്ള കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു മുന്നണികള്‍ മൂന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയത്. തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചാരണാവേശം എത്തിക്കാനായെന്ന ആത്മവിശ്വാസം മൂന്ന് മുന്നണികള്‍ക്കുമുണ്ട്. പതിവിന് വിപരീതമായി എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം എന്‍ഡിഎയും ബിജെപിയും കളംനിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലം കൂടിയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ് പോകുന്നത്.
കടുത്ത ത്രികോണ പോര് പ്രവചിക്കുന്ന മണ്ഡലത്തില്‍ അവസാന വിജയം ആര്‍ക്കൊപ്പമാകുമെന്നതും പ്രവചനാതീതം. പ്രചാരണത്തില്‍ മുന്നണികള്‍ മൂന്നും ഒരേ പോലെ മേല്‍ക്കൈ നേടിയത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂടിന്റെ ആഴം അറിയിക്കുന്നതാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരാണാര്‍ത്ഥം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഇന്ന് ആനച്ചാലില്‍ എത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എല്‍ഡിവൈഎഫ് റോഡ് ഷോ ഇന്ന് അടിമാലിയില്‍ നടന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലായിരുന്നു ഇന്ന്.
ഭൂവിഷയം, വന്യജീവി വിഷയം തുടങ്ങി വിവിധ വിഷയങ്ങള്‍ യുഡിഎഫും എന്‍ഡിഎയും മണ്ഡലത്തില്‍ ഉയര്‍ത്തികാട്ടുമ്പോള്‍ സര്‍ക്കാരിന്റെയും എം എല്‍എയുടെയും വികസന നേട്ടങ്ങള്‍ നിരത്തിയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രതിരോധം.



