KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തില്‍ ആര് വിജയക്കൊടി പാറിക്കും; മുന്നണികള്‍ മൂന്നും പ്രതീക്ഷയില്‍

അടിമാലി: മണ്ഡല രൂപീകരണത്തിന് ശേഷം ഒരു പക്ഷെ ദേവികുളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലമാണ് അവസാനിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുങ്ങിയതോടെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും നാടിളക്കിയുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ നടത്തിയത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്‍ഡിഎഫ്. തൊട്ടു പിന്നാലെ എന്‍ഡിഎ. വൈകാതെ യുഡിഎഫും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി.

സിറ്റിംങ്ങ് എം എല്‍ എ അഡ്വ. എ രാജയെ തന്നെ നാല് തവണയായി ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ എല്‍ഡിഎഫ് കളത്തിലിറക്കിയപ്പോള്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയായി എഫ് രാജയെ യുഡിഎഫ് മത്സരരംഗത്തിറക്കി.

സിപിഎമ്മുമായി കലഹിച്ച് എല്‍ഡിഎഫ് ബന്ധമുപേക്ഷിച്ച എസ് രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചായിരുന്നു എന്‍ഡിഎ സഖ്യം മണ്ഡലത്തില്‍ കന്നിവിജയം പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയത്. ഇതോടെ മണ്ഡലത്തിലെ വിജയം മൂന്ന് മുന്നണികള്‍ക്കും അഭിമാന പ്രശ്‌നമായി മാറി.

20 വര്‍ഷത്തിനിപ്പുറം മണ്ഡലം തിരികെ പിടിക്കാന്‍ യുഡിഎഫും യുഡിഎഫിനേയും ഒപ്പം എസ് രാജേന്ദ്രനേയും എന്‍ഡിഎയും നിലംപരിശാക്കാന്‍ എല്‍ഡിഎഫും എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരേ പോലെ നിലംപരിശാക്കി വിജയക്കൊടി പാറിക്കാന്‍ എസ് രാജേന്ദ്രനും എന്‍ഡിഎയും കച്ചക്കെട്ടിയതോടെ പകല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂട് ദേവികുളം മണ്ഡലത്തില്‍ ഉയര്‍ന്നു. പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ വിജയം ആര്‍ക്കൊപ്പമാകുമെന്നത് പ്രവചനാതീതം. അഡ്വ. എരാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും മണ്ഡലത്തിലെത്തി.

എഫ് രാജയുടെ പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും
തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയയും ദേവികുളത്തെത്തി. ബി ജെ പി മുന്‍ ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രസഹമന്ത്രി എല്‍ മുരുകന്‍, തമിഴ്‌നാട് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എന്നിവര്‍ എന്‍ഡിഎ ക്യാമ്പില്‍ ആവേശം ഉയര്‍ത്തി താര പ്രചാരകരായി എത്തി. വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും നടന്നു.

തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന മണ്ഡലത്തില്‍ ഭൂ വിഷയവും വന്യ ജീവി വിഷയവും അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവുകളുമൊക്കെ യുഡിഎഫും എന്‍ഡിഎയും തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തികാട്ടുന്നു. സര്‍ക്കാരിന്റെയും എം എല്‍എയുടെയും വികസന നേട്ടങ്ങള്‍ നിരത്തിയാണ് ഇതിനെതിരായി മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രതിരോധം. സമഗ്ര വോട്ടര്‍ പട്ടിക പരിക്ഷ്‌കരണത്തിന് ശേഷം മണ്ഡലത്തില്‍ ഇരുപത്തയ്യായിരത്തിലധികം വോട്ടര്‍മാര്‍ പട്ടികക്ക് പുറത്തായിട്ടുണ്ട്. ത്രികോണ മത്സരം പ്രവചിക്കുന്ന മണ്ഡലത്തില്‍ എസ് രാജേന്ദ്രന്‍ എഫക്റ്റ് മൂന്ന് മുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണ്ണായകമാകുമെന്നതും ദേവികുളം മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ചിത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!