KeralaLatest NewsLocal news

ദേവികുളത്ത് നിശബ്ദ പ്രചാരണവുമായി മുന്നണികള്‍; അടിയൊഴുക്കുകള്‍ ആരെ തുണക്കും

അടിമാലി: 2026 നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇനിയുള്ള ദൂരം ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഇതുവരെയുള്ള പ്രചാരണാവേശം കണക്കാക്കിയാല്‍ ദേവികുളം മണ്ഡലത്തില്‍ ആര് വീഴും ആര് വാഴും എന്നത് പ്രവചനാതീതം. കഴിഞ്ഞ മൂന്നാഴ്ച്ച കാലത്തോളം നാടിളക്കി മുന്നണികള്‍ നടത്തിയ തെരഞ്ഞെടുപ്പ് പോരാട്ട ചൂട് ഇത്രത്തോളം ഉയരുന്നത് ഒരു പക്ഷെ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമാകാം. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഇന്ന് നിശബ്ദ പ്രചാരണത്തിലായിരുന്നു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാകും. ഒരു മുന്നണിക്കും ക്യത്യമായി മേല്‍ക്കൈ പ്രവചിക്കാനാവാത്തവിധമുള്ള മത്സരച്ചൂടാണ് മണ്ഡലത്തില്‍ വോട്ടെടുപ്പിന് തലേ ദിവസവും നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം വൈകി തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ മണ്ഡലങ്ങളിലൊന്നാണ് ദേവികുളം. അപ്രതീക്ഷിതമായി മണ്ഡലത്തില്‍ ത്രികോണ പോരിന് കളമൊരുങ്ങുകയും ചെയ്തു. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുവെന്ന് മാത്രമല്ല, വിജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നില്ലായെന്നത് മൂന്ന് മുന്നണികളുടെയും അഭിമാന പ്രശ്‌നം കൂടിയാണ്.

തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഉള്ളിലിരിപ്പ് അജ്ഞാതം. ഇത് മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നു.ജാതി സമവാക്യങ്ങളടക്കം മത്സരഫലത്തെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങള്‍ നിരവധിയുണ്ട് മണ്ഡലത്തില്‍. മുന്നണികളുടെ കൂട്ടിക്കിഴിക്കലുകള്‍ക്കപ്പുറം മണ്ഡലത്തിലെ ജയസാധ്യത നിര്‍ണ്ണയിക്കുന്നതില്‍ ഈ ഘടകങ്ങള്‍ നിര്‍ണ്ണായകമാകും. രണ്ട് പതിറ്റാണ്ടായി കൈവശമിരിക്കുന്ന മണ്ഡലത്തെ ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷ എല്‍ഡിഎഫും മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷ യുഡിഎഫും കന്നിവിജയമെന്ന പ്രതീക്ഷ എന്‍ഡിഎയും വച്ച് പുലര്‍ത്തുമ്പോള്‍ അവസാന വിജയം ആര്‍ക്കൊപ്പമെന്നറിയാന്‍ വോട്ടെടുപ്പിനും അപ്പുറം കാത്തിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!