KeralaLatest News

പ്രബുദ്ധ കേരളത്തിന് നന്ദി; കേരളം ജയിക്കും, യുഡിഎഫ് നയിക്കും: വി ഡി സതീശൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്ന് വി ഡി സതീശന്‍ കുറിച്ചു. കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്’, പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷയൊരുക്കിയ പൊലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നവകേരളത്തിനായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം അവസാനിച്ചു. ആറ് മണി വരെ പോളിങ് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 75.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുന്നത്തുനാട്, ചിറ്റൂര്‍, കുന്നമംഗലം, അരൂര്‍ മണ്ഡലങ്ങളില്‍ പോളിങ്ങ് 80 ശതമാനം കടന്നു.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!