Latest NewsNational

കള്ളവോട്ട് തടയുന്ന ‘മാന്ത്രിക മഷി’; വിരലിലെ മഷി മായാത്തത് എന്തുകൊണ്ട്?…

വോട്ട് ചെയ്ത ശേഷം വിരലില്‍ മഷി അടയാളവുമായി നിൽക്കുന്ന വോട്ടർമാരുടെ ചിത്രങ്ങൾ പ്രിയപ്പെട്ട കാഴ്ചകളിലൊന്നാണ്. വെറുമൊരു മഷി അടയാളത്തിനപ്പുറം പൗരധർമ്മത്തിന്റെയും തുല്യതയുടെയും പ്രതീകമായി ഈ മുദ്ര മാറിയിരിക്കുന്നു. ബാലറ്റ് പേപ്പറിൽ നിന്ന് വോട്ടിംഗ് യന്ത്രത്തിലേക്കും ഡിജിറ്റൽ യുഗത്തിലേക്കും വോട്ടെടുപ്പ് മാറിയെങ്കിലും 64 വര്‍ഷത്തിനിപ്പുറവും വിരലിലെ ഈ മായാത്ത മഷിക്ക് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും വന്നിട്ടില്ല. കള്ളവോട്ട് തടയുക എന്ന വലിയ ദൗത്യമാണ് ഈ കുഞ്ഞൻ മഷിക്കുപ്പി നിർവ്വഹിക്കുന്നത്. മായ്ക്കാന്‍ പലതരം വിദ്യകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും അത്ര പെട്ടൊന്നും മഷി വിരലില്‍ നിന്നു പോകാറില്ല.

എന്തിന് മഷി പുരട്ടുന്നു?

ഇൻഡെലിബിൾ ഇങ്ക് (Indelible Ink) എന്ന് വിളിക്കപ്പെടുന്ന ഈ മഷിയുടെ ചരിത്രം തുടങ്ങുന്നത് 1961-ലാണ്. നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത ഈ മഷി നിർമ്മിക്കാനുള്ള പേറ്റന്റ് 1962-ൽ കർണാടക സർക്കാരിന് കീഴിലുള്ള മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് ലഭിച്ചു. അന്നുമുതൽ ഇന്നുവരെ ഇന്ത്യയിലെ എല്ലാ പ്രധാന തിരഞ്ഞെടുപ്പുകള്‍ക്കും മഷി ഉണ്ടാക്കാന്‍ കരാര്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. ആദ്യം ഗ്ലാസ് കുപ്പികളില്‍ നിറച്ചാണ് വിതരണം ചെയ്തത്. പിന്നീട് ടെക്നോളജി വികസിച്ചതോടെ, ആമ്പർ കളറുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളിലേക്ക് മാറി. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ എളുപ്പമാകുകയും ചെയ്തു.

1962 മുതലാണ് ഇന്ത്യയില്‍ വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിരലുകളില്‍ മഷിയടയാളം പതിക്കാന്‍ തുടങ്ങിയത്. ആദ്യം പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് മഷി ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കും ബാധകമാക്കി. 5 മില്ലി, ഏഴര മില്ലി, 10 മില്ലി തുടങ്ങി, 20, 60, 80 മില്ലിലീറ്റർ വരെ കൊള്ളുന്ന ചെറിയ കുപ്പികളിലാണ് തിരഞ്ഞെടുപ്പിന് മഷിയെത്തുന്നത്. ഒരു ബൂത്തിൽ ഒരു കുപ്പി മതിയാകുമെങ്കിലും കരുതൽ എന്ന നിലയിൽ രണ്ടു കുപ്പികൾ വീതം നൽകാറുണ്ട്. പോളിങ് ബൂത്തിൽ സെക്കൻഡ് പോളിങ് ഓഫിസറാണ് വോട്ടറുടെ ഇടതു ചൂണ്ടു വിരലിൽ മഷിയടയാളം ചാർത്തുക. ഇടതുകയ്യില്‍ ചൂണ്ടുവിരൽ ഇല്ലെങ്കിൽ ഇടതു കൈയിലെ മറ്റൊരു വിരലിൽ മഷി പുരട്ടണം. ഇടതുകൈ ഇല്ലെങ്കിൽ വലതുകൈയിലെ വിരലുകളിലോ, രണ്ട് കൈകളും ഇല്ലെങ്കില്‍ കാലിലെ വിരലുകളിലോ മഷിയടയാളം ഇടണമെന്നാണ് ചട്ടം. ഒരു കുപ്പി മഷി ഉപയോഗിച്ച് 750 പേരുടെ വിരലുകളിൽ അടയാളമിടാന്‍ സാധിക്കും. ഇന്ത്യയിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ 800 കോടി വിരലുകളിൽ മഷിയടയാളം ചാർത്തപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

എന്തുകൊണ്ട് ഈ മഷി മായുന്നില്ല എന്ന രഹസ്യം കമ്പനിക്കുമാത്രമേ അറിയൂ. തിരഞ്ഞെടുപ്പ് കമ്മിഷനു പോലും ഇക്കാര്യം അറിയില്ലെന്നാണ് നിലപാട്. മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതു മാത്രമാണ് പുറത്തറിയാവുന്ന കാര്യം. ഇത് ചർമ്മത്തിലെയും നഖത്തിലെയും പ്രോട്ടീനുമായി ചേർന്ന് ഒരു കറുത്ത അടയാളമായി മാറുന്നു. വെളിച്ചം തട്ടുമ്പോൾ കൂടുതൽ തെളിയുന്ന ഈ അടയാളം സോപ്പ് കൊണ്ടോ കെമിക്കലുകൾ കൊണ്ടോ പെട്ടെന്ന് മായ്ച്ചു കളയാനാവില്ല. ഇത് ചർമത്തിന് ദോഷമുണ്ടാക്കാനുമിടയില്ല. വാട്ടർ റെസിസ്റ്റന്റുമാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വോട്ടർമാർക്ക് പുറമെ നേപ്പാൾ, കാനഡ, തുർക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, മലേഷ്യ, കാനഡ, സിംഗപ്പുർ, യുഎഇ തുടങ്ങി മുപ്പതോളം രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും മഷി എത്തിക്കുന്നത് ഈ ഇന്ത്യൻ കമ്പനിയാണ്. 20 മുതല്‍ 30 ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ മഷിയടയാളം വെറുമൊരു നിറമല്ല, അത് ഓരോ പൗരന്റെയും ശബ്ദവും ഭരണഘടന നൽകുന്ന വലിയൊരു അധികാരത്തിന്റെ മുദ്രയുമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!