KeralaLatest NewsLocal news

മധ്യവേനല്‍ അവധിയാരംഭിച്ചിട്ടും വലിയ തോതില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാതെ മൂന്നാര്‍

മൂന്നാര്‍: മൂന്നാറിലേക്ക് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന കാലമാണ് മധ്യവേനല്‍ അവധിക്കാലം. മൂന്നാറിലെ ഉദ്യാനങ്ങളും ബോട്ടിംഗ് സെന്ററുകളും വ്യൂപോയിന്റുകളുമെല്ലാം സഞ്ചാരികളാല്‍ നിറയും. എന്നാല്‍ ഇത്തവണ മധ്യവേനല്‍ അവധിയാരംഭിച്ചിട്ടും മുന്‍കാലങ്ങളിലേതു പോലെ സഞ്ചാരികളുടെ വലിയ ഒഴുക്ക് മൂന്നാറിലേക്കാരംഭിച്ചിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും മാത്രമാണ് സഞ്ചാരികള്‍ കൂടുതലായിപ്പോഴും മൂന്നാറിലേക്കെത്തുന്നത്.

ഓണം, ക്രിസ്തുമസ്, പുതുവത്സരാഘോഷ കാലയളവില്‍ മൂന്നാറില്‍ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടാറുണ്ട്. എന്നാല്‍ രണ്ട് മാസക്കാലത്തോളം ഇടമുറിയാതെ സഞ്ചാരികളെത്തുന്ന മധ്യവേനല്‍ അവധിക്കാലമാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് ഏറ്റവും അധികം ഉണര്‍വ്വ് നല്‍കുന്നത്. ഈ കാലയളവില്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സഞ്ചാരികള്‍ എത്താതെ വന്നാല്‍ വിനോദ സഞ്ചാര മേഖലക്ക് വലിയ നഷ്ടം സംഭവിക്കും. തെരഞ്ഞെടുപ്പ് കാലം അവസാനിച്ചതോടെ വരും ദിവസങ്ങളില്‍ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമായേക്കുമെന്നാണ് പ്രതീക്ഷ.

വിഷുവടുക്കുന്നതോടെ വിനോദ സഞ്ചാര മേഖല പ്രതാപം വീണ്ടെടുക്കുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. അതേ സമയം മൂന്നാറിലടക്കം പകല്‍ സമയത്തെ ഉയര്‍ന്ന ചൂടും പാചകവാതക ക്ഷാമവുമെല്ലാം വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്. തിരക്കേറുമ്പോള്‍ മൂന്നാറിലെ റോഡുകളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കും മൂന്നാറിന്റെ ടൂറിസത്തിന് തിരിച്ചടിയാകുന്നു. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് കാലം അവസാനിക്കാത്തതും മൂന്നാറിലെ സഞ്ചാരികളുടെ കുറവിനൊരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!