
മൂന്നാര്‍: മൂന്നാറിലും പരിസര പ്രദേശങ്ങളിലും വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം തുടര്‍ക്കഥയാവുകയാണ്. വേനല്‍ കനത്തതോടെ കാടിറങ്ങുന്ന വന്യജീവികള്‍ മേയാന്‍ വിടുന്ന പശുക്കളെയാണ് അധികമായി കൊലപ്പെടുത്തുന്നത്. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ വന്യജീവിയാക്രമണത്തില്‍ പശു ചത്തതാണ് ഒടുവിലത്തെ സംഭവം.
പ്രദേശവാസിയായ കണ്ണന്റെ പശുവിനെയാണ് വന്യജീവി കൊലപ്പെടുത്തിയത്. റോഡരികില്‍ തന്നെയായിരുന്നു പശുവിന്റെ ജഡം കണ്ടെത്തിയത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ആളുകളില്‍ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. നൂറുകണക്കിന് പശുക്കളാണ് ഇതുവരെ തോട്ടം മേഖലയില്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
ഇതിലൂടെ തൊഴിലാളികള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനുള്ള കുടുംബങ്ങളുടെ മാര്‍ഗ്ഗവും വഴിയടയുന്നു. വന്യജീവിയാക്രമണം പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും വന്യജീവിയാക്രമണം മുന്‍കാലങ്ങളിലേതു പോലെ തന്നെ തുടരുന്നുവെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ പരാതി. സമാന രീതിയില്‍ ഇനിയും വളര്‍ത്ത് മൃഗങ്ങള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുമോയെന്ന ആശങ്ക ആളുകള്‍ പങ്ക് വയ്ക്കുന്നു.



