
ഇടുക്കി : പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ.ഇതിനെതിരേ പ്രക്ഷോഭം നടത്താനും നിയമനടപടി സ്വീകരിക്കാനും എ.ടി. ബൈജു(പ്രസിഡന്റ്), കണ്ടത്തിൽ കരയിൽ രാജാ ബാലു (വൈസ് പ്രസിഡൻറ്), ബാബു മേച്ചേരിൽ (സെക്രട്ടറി), ചാക്കാറയിൽ സുമേഷ് (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
കഴിഞ്ഞ മേയ് 24-നാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി പത്തേക്കർ വേമ്പുംമൂട്ടിൽ ബിനുകുമാറിന്റെ മകൾ അബിത(അബിയ-14) പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തോടെ കൗമാരക്കാരായ നിരവധിപേർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെനും പരാതി ഉയർന്നു.തുടർന്ന് പ്രദേശത്തെ ഇരുപതോളം യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയും ഒരാളെ അറസ്റ്റും ചെയ്തു. അതിനിടെ മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ട വ്യക്തിയെ 15 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ കുമളി ചെക്ക് പോസ്റ്റിൽ പോലീസ് പിടികൂടിയിരുന്നു.പെൺകുട്ടിയുടെ മരണവുമായി ഇയാൾക്ക് ബന്ധമുണ്ടെനും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.ആദ്യം അറസ്റ്റിലായ ആളെ മാത്രം പ്രതിയാക്കി പോലീസ് കുറ്റപത്രം നൽകി.
മയക്കുമരുന്ന് ലോബിയുടെ സമ്മർദമാണോ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചു. എന്നാൽ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും മറ്റ് പ്രതികളെക്കുറിച്ചും പോലീസ് അന്വേഷിച്ചില്ല.
അഞ്ചുമാസം കഴിഞ്ഞിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.