മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഗ്യാപ്പ് റോഡ്. മൂന്നാറിന്റെ ഭംഗിയാസ്വദിച്ച് ദേവികുളവും പിന്നിട്ടുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ ആരും തന്നെ കടന്ന് പോകാറില്ല. മലനിരകളുടെ വിശാല കാഴ്ച്ചകളും താഴ്‌വാരത്തെ പാട ശേഖരങ്ങളും ഒക്കെ ഗ്യാപ്പ് റോഡില്‍ നിന്ന് മതിവരുവോളം കണ്ടാസ്വദിക്കാം.
വേനല്‍മഴ കൂടി പെയ്തതോടെ ഗ്യാപ്പ് റോഡിന്റെ ഭംഗി വര്‍ധിച്ചു.മഞ്ഞ് പുതച്ച് ഗ്യാപ് റോഡിപ്പോള്‍ അതിമനോഹരമാണ്. മലനിരകളെ തഴുകി ഇറങ്ങുന്ന മഞ്ഞും തണുത്ത കാലാവസ്ഥയും സഞ്ചാരികളെ കൂടുതലായി ഇവിടേക്കാകര്‍ഷിക്കുന്നു. കണ്‍ നിറയെ കാഴ്ച്ചകള്‍ കണ്ട് മനസും ശരീരവും കുളിര്‍പ്പിച്ച് ഗ്യാപ്പ് റോഡില്‍ നിന്നും മടങ്ങാം. ചാറ്റല്‍ മഴയേറ്റ് വിറക്കുമ്പോള്‍ തണുപ്പ് അകറ്റാന്‍ ചുട്ടെടുത്ത ചോളവും ചൂട് ചായയും വടയുമൊക്കെ കഴിച്ച് പിന്നെയും കാഴ്ച്ചകള്‍ കണ്ടങ്ങനെ നില്‍ക്കാം. ഗ്യാപ്പ് റോഡ് മുഖം മിനുക്കിയതോടെ തേയിലതോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്‍ കണങ്ങളെ തൊട്ടറിഞ്ഞുള്ള ഡ്രൈവിംങ്ങും പുതിയൊരനുഭവം നല്‍കുന്നതാണ്.