
മാങ്കുളം: കാലങ്ങളുടെ കാത്തിരിപ്പിനുശേഷം പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിച്ചു. എന്നാല്‍ ഒരു ഭാഗത്തെ അപ്പ്രോച്ച് റോഡ് ടാറിംങ് നടത്തുവാന്‍ നടപടിയില്ല. ഇതു മൂലം ദുരിതത്തിലായിരിക്കുകയാണ് പന്നിയാര്‍കൂട്ടിയിലെ നൂറുകണക്കിനാളുകള്‍. 2018ലെ പ്രളയത്തിലാണ് പന്നിയാര്‍ കൂട്ടിയില്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം തകര്‍ന്നത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പും വലിയ പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് പുതിയൊരു പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ കുറച്ച് ദൂരം മാത്രമുള്ള അപ്പ്രോച്ച് റോഡ് ടാറിംഗ് നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ചെറിയൊരു മഴ പെയ്തതോടെ റോഡ് ചെളി ഉണ്ടായി മാറി. മഴ ശക്തമാകുന്നതോടെ കാല്‍നടയായി പോലും ഇതുവഴി കടന്നു പോകാന്‍ കഴിയില്ല. റോഡ് ചെളികുണ്ടായി മാറിയതോടെ രണ്ട് കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മാത്രവുമല്ല വിനോദസഞ്ചാരികളുമായി പോകുന്ന 100 കണക്കിന് വാഹനങ്ങള്‍ ആണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. നൂറുകണക്കിന് നാട്ടുകാര്‍ക്കും ഒപ്പം വിനോദസഞ്ചാര മേഖലക്കും ഒരുപോലെ പ്രയോജനകരമാകുന്ന റോഡ് നന്നാക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യമാണ് ഉയരുന്നത്.