
മൂന്നാര്‍: വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ മൂന്നാറില്‍ വന്യജീവികളുടെ ആക്രമണം തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നു.തോട്ടം മേഖലയില്‍ പുലിയുടെയും കടുവയുടെയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ള വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ വളരെ വലുതാണ്.ഇപ്പോഴും ആക്രമണം തുടരുന്നു.കാട്ടാനയും കാട്ടുപോത്തും പുലിയുമൊക്കെ തോട്ടം മേഖലയില്‍ സ്വര്യൈവിഹാരം നടത്താന്‍ തുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമായി കഴിഞ്ഞു.ഈ ദുരിതമിവര്‍ കുറേക്കാലങ്ങളായി അനുഭവിക്കുന്നതാണ്.തോട്ടം തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമെ കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കൊക്കെയുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലാളികള്‍ കന്നുകാലികളെ വളര്‍ത്തുന്നത്.ആ മാര്‍ഗ്ഗം വഴിയടയുന്നുവെന്നതിനൊപ്പം നഷ്ടങ്ങളുടെ കണക്കാണിപ്പോള്‍ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്.വളര്‍ത്തുമൃഗങ്ങള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടാലും പലപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.വലിയ തുകമുടക്കി വാങ്ങിയ കന്നുകാലികളെ വന്യജീവിയാക്രമണം രൂക്ഷമായതോടെ ചെറിയ തുകക്ക് തൊഴിലാളികള്‍ വിറ്റൊഴിവാക്കുന്നു.ഇവരുടെ ഒരു വരുമാനമാര്‍ഗ്ഗമാണ് ഇതോടെ ഇല്ലാതാകുന്നത്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മനുഷ്യജീവനുകളുടെ കാര്യത്തിലും തൊഴിലാളി കുടുംബങ്ങള്‍ക്കാശങ്കയുണ്ട്.രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് പുറത്തിറങ്ങുന്നത്.കുട്ടികളെ തനിയെ പുറത്ത് വിടാന്‍ ഭയക്കുന്നു.നാളുകളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് കുടുംബങ്ങള്‍ക്കിപ്പോഴും മുമ്പോട്ട് വയ്ക്കാനുള്ളത്.ഉണ്ടായ നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം വേണം.പുലികളെ കൂടു വച്ച് പിടികൂടണം.കാട്ടാനകളേയും കാട്ടുപോത്തുകളേയും ജനവാസമേഖലയില്‍ നിന്നും തുരത്തണം.എങ്കില്‍ മാത്രമെ ജീവിതം സാധാരണനിലയിലാകുവെന്ന് കുടുംബങ്ങള്‍ പറയുന്നു.