Latest NewsNational

പ്രപഞ്ച രഹസ്യങ്ങളെ കീഴടക്കാന്‍ സ്വപ്‌നം കണ്ട ശാസ്ത്രപ്രതിഭ; ഇന്ന് ഐഎസ്ആര്‍ഒ സ്ഥാപകന്‍ വിക്രം സാരാഭായിയുടെ ഓര്‍മദിനം

ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവായ ഡോക്ടര്‍ വിക്രം സാരാഭായിയുടെ ഓര്‍മ ദിവസമാണിന്ന്. 2023ല്‍ ചന്ദ്രയാന്‍ മൂന്നിന്റെയും ആദിത്യ എല്‍ ഒന്നിന്റെയും വിജയത്തില്‍ അഭിമാനത്തേരേറിയ ഐഎസ്ആര്‍ഒയ്ക്ക് തുടക്കമിട്ട വിക്രം സാരാഭായിയുടെ ശാസ്ത്ര പ്രതിഭയെ ഇന്നത്തെ ദിനം നന്ദിയോടെ സ്മരിക്കുകയാണ് രാജ്യം.

ഐഎസ്ആര്‍ഒ, ഐ ഐ എം അഹമ്മദാബാദ്, ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി , കമ്മ്യൂണിറ്റി സയന്‍സ് സെന്റര്‍, തിരുവനന്തപുരം വിഎസ്എസ്‌സി. ഡോ: വിക്രം സാരാഭായി രാജ്യത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വിദേശ പഠനത്തിന് ശേഷം തിരിച്ചെത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനു നാന്ദി കുറിച്ച് അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറി സ്ഥാപിച്ചാണ് വിക്രം സാരാഭായിയുടെ തുടക്കം. 1957ല്‍ ദേശീയ ബഹിരാകാശ ഗവേഷണ സമിതിക്കു രൂപം നല്‍കിയപ്പോള്‍ അദ്ദേഹം തന്നെ ചെയര്‍മാനായി. 1969 ല്‍ ഐഎസ്ആര്‍ഒ രൂപീകൃതമായപ്പോള്‍ ആദ്യ ചെയര്‍മാനായതും ഡോ. സാരാഭായി തന്നെയാണ്.

ഹോമി ജെ ഭാഭയെ ഇന്ത്യയിലെത്തിച്ച് ആണവോര്‍ജ്ജ മുന്നേറ്റത്തിന് അടിത്തറ ഇട്ടതും ഡോ; എ പി ജെ അബ്ദുല്‍ കലാം എന്ന അതുല്യ പ്രതിഭയെ കണ്ടെത്തിയതും മറ്റാരുമല്ല. തുമ്പയില്‍ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നണിയിലുണ്ടായിരുന്ന ഡോ : സാരാഭായി 1963 നവംബര്‍ 21 ലെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനു നേതൃത്വം വഹിച്ചു. പക്ഷേ ആദ്യ കൃതിമോപഗ്രഹം ആര്യഭട്ട ഭ്രമണപഥത്തിലെത്തുമ്പോള്‍ അതു കാണാന്‍ ഡോ: സാരാഭായി ഉണ്ടായില്ല.

1971 ഡിസംബര്‍ 30 നു കോവളത്തെ തന്റെ പ്രിയപ്പെട്ട ഹാല്‍സിയോണ്‍ ഹോട്ടലിലെ മുറിയില്‍ ഡോ: വിക്രം സാരാഭായി അന്ത്യശ്വാസം വലിച്ച വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ദുരൂഹതകള്‍ ഏറെയുണ്ടായെങ്കിലും ആഴത്തിലുള്ള അന്വേഷണങ്ങളൊന്നും നടന്നില്ല. 1966ല്‍ പത്മഭൂഷണും 1972ല്‍ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ചന്ദ്രയാന്‍ 3 വിലെ ലാന്‍ഡറിന് വിക്രം എന്ന് പേരിട്ടത് അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥമാണ്. പ്രശ്‌സത നര്‍ത്തകിയും മലയാളിയുമായ മൃണാളിനി സാരാഭായിയായിരുന്നു ഭാര്യ. അകാലത്തില്‍ ഡോ : സാരാഭായി വിട പറഞ്ഞിരുന്നില്ലായെങ്കില്‍ ഇന്ത്യന്‍ സാങ്കേതിക വിപ്ലവത്തിന് വേഗമേറുമെന്ന് കരുതുന്നവരാണ് ഏറെയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!