
അടിമാലി: മൂന്നാറിലേക്കും മാങ്കുളത്തേക്കുമൊക്കെയുള്ള യാത്രക്കിടയില്‍ കാര്യമായ ചിലവൊന്നുമില്ലാതെ കണ്ട് മടങ്ങാന്‍ കഴിയുന്ന ഒരിടമാണ് കോട്ടപ്പാറ വ്യൂപോയിന്റ്. പച്ച പുതച്ച മലഞ്ചെരുവാണ് കോട്ടപ്പാറയെ സുന്ദരമാക്കുന്നത്. അടിമാലിയുടെ ദൂരെ നിന്നുള്ള കാഴ്ച്ച കോട്ടപ്പാറയില്‍ നിന്ന് കാണാം. രാവിലെയും വൈകുന്നേരവുമാണ് കോട്ടപ്പാറ കാണാന്‍ അതിസുന്ദരം.
സൂര്യന്‍ ഉദിച്ച് വരുന്നതും അസ്തമിച്ച് പോകുന്നതുമൊക്കെ കോട്ടപ്പാറക്കു മുകളില്‍ നിന്നും കണ്ടാസ്വദിക്കാം. കോട്ടപ്പാറയുടെ ഒട്ടുമിക്ക പ്രഭാതങ്ങളും കോടമഞ്ഞില്‍ മുങ്ങിയതാണ്. കുളിരും കാറ്റുമൊക്കെയേറ്റ് കോട്ടപ്പാറ കണ്ട് മടങ്ങണമെങ്കില്‍ രാവിലെ തന്നെ എത്തണം.മഴ പെയ്യുക കൂടി ചെയ്തതോടെ കോട്ടപ്പാറയിപ്പോള്‍ അതി സുന്ദരമാണ്. കോട്ടപ്പാറയിലേക്കുള്ള യാത്ര എങ്ങനെയെന്ന് കൂടി നോക്കാം.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ കല്ലാറില്‍ നിന്നു വേണം കോട്ടപ്പാറയിലേക്കുള്ള യാത്ര ആരംഭിക്കാന്‍. കല്ലാറില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ എത്തുന്ന ചെറിയൊരു ടൗണാണ് കുരിശുപാറ. ടൗണിന്റെ മധ്യഭാഗത്തു നിന്ന് ഇടത്തേക്കുള്ള റോഡിലൂടെ വേണം ഇനിയുള്ള യാത്ര. വീതിയൊരല്‍പ്പം കുറവുള്ള ഈ പാതയിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കോട്ടപ്പാറ വ്യൂപോയിന്റായി. വ്യൂപോയിന്റ് തുടങ്ങുന്നിടത്ത് വാഹനം നിര്‍ത്തി കാഴ്ച്ചകള്‍ നടന്നു തന്നെ കണാം. മലഞ്ചെരുവിലൂടെ മുമ്പോട്ട് നടക്കാന്‍ ചെറു നടപ്പുവഴിയുണ്ട്. വലിയ തിരക്കില്ലാത്ത ഒരിടം കൂടിയാണി കോട്ടപ്പാറ. അതുകൊണ്ട് തന്നെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരല്‍പ്പസമയം ചിലവഴിക്കാനും വിശ്രമിക്കാനുമൊക്കെ പറ്റിയൊരു പ്രദേശം കൂടിയാണിവിടം.