സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടിയുടെയും ഡിജിറ്റല്‍ പഠന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു

മാങ്കുളം: മാങ്കുളത്ത് നിര്‍മ്മിച്ചിട്ടുള്ള സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടിയുടെയും ഡിജിറ്റല്‍ പഠന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് മാങ്കുളത്ത് സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടി തയ്യാറാക്കിയിട്ടുള്ളത്. അമ്പത്തിരണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് സ്മാര്‍ട്ട് അംഗന്‍വാടി സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 27ലക്ഷം രൂപ സംസ്ഥാന വനിതാ ശിശുവികസന വകുപ്പും 25ലക്ഷം രൂപ ദേവികുളം ബ്ലോക്ക് പഞ്ചായത്തും മുടക്കി.
അംഗന്‍വാടിയുടെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍ ജോസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഐ സി ഡി
എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്മാര്‍ട്ട് റ്റി വിയുള്‍പ്പെടെ കുട്ടികളുടെ വിനോദ, വിജ്ഞാന കാര്യങ്ങള്‍ക്ക് വേണ്ടുന്ന നൂതന സംവിധാനങ്ങള്‍ അംഗന്‍വാടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവിധത്തിലും അംഗന്‍വാടി പൂര്‍ണ്ണമായി ശിശുസൗഹൃദമാണ്. അടുക്കള, സ്റ്റോര്‍ റൂം, പ്ലേ ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയൊക്കെ അങ്കണവാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അടിസ്ഥാനതലം മുതല്‍ സാങ്കേതിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. കുരുന്നുകളുടെ ഡിജിറ്റല്‍ പഠനത്തിനും സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടി സഹായകരമാകും.