
മൂന്നാര്‍: ദീപാവലി ആഘോഷത്തിന് പിന്നാലെ കൂടുതല്‍ വിനോദ സഞ്ചരികള്‍ മൂന്നാറിലേക്കെത്തിയതോടെ മൂന്നാര്‍ ടൗണിലും സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷം. വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമല്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും ചെയ്യുന്ന കാഴ്ച്ച ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. വിഷയത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും കുരുക്കഴിക്കാന്‍ പോന്ന തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷെ തീരുമാനങ്ങള്‍ വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
തിരക്കേറിയതോടെ സഞ്ചാരികള്‍ ഏറെ സമയം റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയാണുള്ളത്. മൂന്നാര്‍ മറയൂര്‍ റോഡിലും മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡിലും വലിയ ഗതാഗതകുരുക്കനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും ആവശ്യമുയരുന്നു. പൂജാവധിയോടനുബന്ധിച്ച് സഞ്ചാരികളുടെ തിരക്കേറിയ സമയത്തും സമാന നിലയില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. മൂന്നാറിന്റെ ഇനിയും പരിഹരിക്കാത്ത ഗതാഗതകുരുക്ക് തുടര്‍ന്നാല്‍ വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.