
മാങ്കുളം: മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ബിബിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ദേവികുളം കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പാറേക്കുടിയില് തങ്കച്ചന്റെ മൃതദേഹം തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളില്‍ കണ്ടെത്തിയത്.

മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് മകനാണെന്ന് പോലീസ് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹം നടത്താന്‍ പ്രതി പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിതാവ് പണം നല്‍കാത്തതിന്റെ വിരോധവും ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കവുമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന ഒരു മോതിരവും മാലയും ബിബിന്‍ എടുത്തിരുന്നു.

എന്നാല്‍ ഇത് കൈക്കലാക്കുകയായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നും പിതാവ് വിവാഹത്തിന് എതിര് നില്‍ക്കുന്നുവെന്ന തോന്നലും വിരോധവുമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നും മൂന്നാര്‍ സി ഐ രാജന് കെ അരമന പറഞ്ഞു. ായറാഴ്ച്ച കൊലപാതകം നടത്തിയ ശേഷം പ്രതി ഈ വീട്ടില്‍ നിന്നും പോവുകയും ഇവരുടെ തന്നെ ഉടമസ്ഥതയില്‍ ഉള്ള മറ്റൊരു വീട്ടില്‍ താമസിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തങ്കച്ചന്റെ മൃതദേഹം പ്രദേശവാസി കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

ഈ സമയം നാട്ടുകാരില്‍ ചിലര്‍ പിതാവിന്റെ മരണവിവരം അറിയിക്കാന്‍ പ്രതിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി കടന്ന് കളയാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നുവെന്നും അടിച്ചു വീഴ്ത്തിയ ശേഷം തീ വയ്ക്കുന്നതിനിടയില്‍ തങ്കച്ചന് ഞെരുങ്ങിയതായി പ്രതി മൊഴി നല്‍കിയതായും മൂന്നാര്‍ സി ഐ പറഞ്ഞു.