KeralaLatest News

ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം.കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്.

എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകർന്നുതന്നു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യർ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം.

എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ ഗുരു ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി.

അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്വല അധ്യായങ്ങളാണ്. സമത്വത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വായനയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാടുകൾ. പുതിയകാലത്ത് ഗുരുദർശനങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾ വർഗീയതയും ജാതി വേർതിരിവുകളും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു. ഗുരുദേവദർശനങ്ങളിലൂടെ അവയെ പ്രതിരോധിക്കാനാകണം. മനുഷ്യരാശിയുടെ യാത്രാവഴികളിൽ ഒരു കെടാവിളക്കാണ് ഗുരുദർശനങ്ങൾ എന്നും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!