റേഷന്‍വാങ്ങാന്‍ കുത്തുപാറ നിവാസികള്‍ക്ക് യാത്രാ ദുരിതം; കുത്തുപാറയില്‍ റേഷന്‍കട തുറക്കണമെന്നാവശ്യം

അടിമാലി: പ്രളയകാലത്ത് കെട്ടിടം അണ്‍ഫിറ്റായെന്ന കാരണത്താല്‍ വെള്ളത്തൂവലിലേക്ക് മാറ്റി സ്ഥാപിച്ച കുത്തുപാറയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍കട തിരികെ കുത്തുപാറയിലേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തം.എ ആര്‍ ഡി പത്തൊമ്പതാം നമ്പര്‍ റേഷന്‍കട വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് വന്നിരുന്നത് കുത്തുപാറയിലായിരുന്നു. പ്രളയകാലത്ത് റേഷന്‍ കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അണ്‍ഫിറ്റായെന്ന കാരണത്താല്‍ വെള്ളത്തൂവലിലേക്ക് മാറ്റി സ്ഥാപിച്ചു.എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ റേഷന്‍കട കുത്തുപാറയിലേക്ക് തിരികെയെത്തിക്കാന്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുത്തുപാറയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മാത്രമെ വെള്ളത്തൂവലിലേക്ക് എത്താനാകു. ബസ് സര്‍വ്വീസ് കുറവുള്ള കുത്തുപാറ മേഖലയില്‍ നിന്നും ആളുകള്‍ക്ക് വെള്ളത്തൂവലില്‍ എത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങി മടങ്ങണമെങ്കില്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കണം. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ് കാര്‍ഡുടമകളുടെ മറ്റൊരാക്ഷേപം.കര്‍ഷകരും കര്‍ഷതൊഴിലാളികളുമൊക്കെയടങ്ങുന്ന സാധാരണക്കാരാണ് കുത്തുപാറ മേഖലയില്‍ അധികം താമസിക്കുന്നത്. കൂലി വേലയും മറ്റും കഴിഞ്ഞ് ഏറെ ദൂരം സഞ്ചരിച്ച് റേഷന്‍ കടയില്‍ എത്തേണ്ടി വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ആളുകള്‍ പങ്ക് വച്ചു.വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന 9,10,11 വാര്‍ഡുകളിലെ ആളുകള്‍ റേഷന്‍സാധനങ്ങള്‍ വാങ്ങാന്‍ ആശ്രയിക്കുന്നത് വെള്ളത്തൂവലിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ട ഈ റേഷന്‍കടയെയാണ്. മുന്നൂറിലധികം റേഷന്‍ കാര്‍ഡുടമകള്‍ ഈ കടയെയാണ് ആശ്രയിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് റേഷന്‍കട കുത്തുപാറയില്‍ തന്നെ സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് കാര്‍ഡുടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം നിവേദനം സമര്‍പ്പിച്ചിരുന്നുവെന്നും ജനപ്രതിനിധികള്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയും ആളുകള്‍ക്കിടയിലുണ്ട്.റേഷന്‍കട കുത്തുപാറയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.