ഈ വേനല്‍ക്കാലത്തും റോഡ് ടാര്‍ ചെയ്തില്ല, ഈ മഴക്കാലത്തും കുഴി താണ്ടാന്‍ നാട്ടുകാരുടെ വിധി

മാങ്കുളം: മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഈ വേനല്‍ക്കാലത്തും പൂര്‍ത്തീകരിച്ചില്ല. ഇതോടെ ഈ മഴക്കാലത്തെങ്കിലും ടാറിംഗ് റോഡിലൂടെ യാത്രചെയ്യാമെന്ന പ്രദേശവാസികളുടെ പ്രതീക്ഷയും അസ്തമിച്ചു. 2018ലെ പ്രളയകാലത്തായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് തകര്‍ന്നത്. 2019ലെ കാലവര്‍ഷം കൂടിയായതോടെ റോഡിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായി. നാളുകളുടെ കാത്തിരിപ്പിന് ശേഷം സര്‍ക്കാര്‍ നിര്‍മ്മാണ ജോലികള്‍ക്കായി തുക അനുവദിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുറച്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണം നടത്താന്‍ കരാറുകാരന് നാളിതുവരെ കഴിഞ്ഞിട്ടില്ല. റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയുമൊക്കെ ചെയ്തു.ചില കലുങ്കുകളുടെ നിര്‍മ്മാണവും നടത്തി.എന്നാല്‍ ടാറിംഗ് നടത്താത്തതിനാല്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ജോലികള്‍ പാഴ് വേലയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മഴയാരംഭിക്കുന്നതോടെ മെറ്റലും മണ്ണുമെല്ലാം ഒഴുകി റോഡ് വീണ്ടും പഴയ പടിയാകുമെന്നാണ് വാദം.

കഴിഞ്ഞ വര്‍ഷക്കാലത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി മണ്ണ് നീക്കുകയും പിന്നീട് റോഡ് പൂര്‍ണ്ണമായി ഇടിഞ്ഞ് പോകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.പിന്നീട് ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പക്ഷെ കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി പറഞ്ഞറിയിക്കാനാകാത്ത വിധം പ്രദേശവാസികള്‍ യാത്രാ ക്ലേശം അനുഭവിക്കുകയാണ്. പ്രദേശത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളടക്കം പുറം ലോകത്തേക്ക് യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്.

ചിക്കണംകുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലേക്കുള്ള വഴിയും ഇതു തന്നെ.ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കൊക്കെയും പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.ഈ റോഡിണിങ്ങനെ നിര്‍മ്മാണ പൂര്‍ത്തീകരണം കാത്ത് കിടക്കുന്നത്. റോഡ് തകര്‍ന്നതോടെ ഇതുവഴി നടന്നു വന്നിരുന്ന ബസ് സര്‍വ്വീസുകള്‍ നിലച്ചു.ഓട്ടോ ടാക്‌സി തൊഴിലാളികളും പ്രതിസന്ധി നേരിടുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നു വരാന്‍ മടിക്കുന്നതിനാല്‍ ആളുകള്‍ വലിയ തുക നല്‍കി ടാക്‌സി വിളിച്ച് യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയുമുണ്ട്.ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ നിര്‍മ്മാണം നടത്തിയിട്ടുള്ള റോഡ് മഴയത്ത് ഒലിച്ചു പോകും.ഇതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശം ഇരട്ടിയാകും.