
അടിമാലി: അടിമാലിയില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങള്‍.അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡായ കടുകുമുടി ആദിവാസി മേഖലയിലെ കുടുംബങ്ങളാണ് പ്രതിഷേധവുമായി മച്ചിപ്ലാവിലെ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പിലെത്തിയത്.ആദിവാസി മേഖലയുടെ ഭാഗമായ കുഞ്ചിപ്പെട്ടിക്കുടിയിലടക്കം കൃഷി ചെയ്തിരുന്ന ഏലച്ചെടികള്‍ വനംവകുപ്പ് നശിപ്പിച്ചെന്നും അതിക്രമം കാണിച്ചുവെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ പരാതി.

അറുപത് വര്‍ഷത്തിലധികമായി മുതുവാന്‍ സമുദായക്കാരായ തങ്ങള്‍ അധിവസിച്ച് വരുന്ന പ്രദേശത്താണ് വനംവകുപ്പ് കടന്നുകയറിയതെന്ന ആരോപണം കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു.വനംവകുപ്പ് നശിപ്പിച്ചതായി ആക്ഷേപം ഉന്നയിക്കുന്ന ഏലച്ചെടികളുമായി എത്തിയായിരുന്നു കുടുംബങ്ങളുടെ പ്രതിഷേധം.

പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. അഞ്ചോളം കര്‍ഷകരുടെ ഏലച്ചെടികളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സംഭവത്തില്‍ നടപടി വേണമെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.അതേ സമയം പ്രദേശം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.