
നല്ലതണ്ണി കല്ലാറിൽ മൂന്നാർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാലിന്യസംസ്കരണ പ്ലാന്റിന്റെ ചുറ്റുമതിൽ ഒറ്റക്കൊമ്പൻ എന്ന കാട്ടാന തകർത്തു. ബുധനാഴ്ച വൈകിട്ടാണു ചുറ്റുമതിൽ ആന തകർത്തത്. മൂന്നാർ ടൗണിൽനിന്നു പഞ്ചായത്ത് ശേഖരിക്കുന്ന പഴം – പച്ചക്കറി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം പ്ലാന്റിനു സമീപത്താണു തള്ളുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ മാലിന്യം ഭക്ഷിക്കാനെത്തുന്നതു പതിവായതോടെ ഈയിടെ പഞ്ചായത്ത് പ്ലാന്റിനു സമീപമുള്ള ചുറ്റുമതിലിനോടു ചേർത്തു വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. വേലി സ്ഥാപിച്ചതോടെ അകത്തുകടക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിലാണു കാട്ടാന ചുറ്റുമതിൽ തകർത്തതെന്നാണു നാട്ടുകാർ പറയുന്നത്.



