ദേശിയപാത നവീകരണം; ആരോപണവുമായി വ്യാപാരി നേതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്ത്

അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ അശാസ്ത്രീയമെന്ന ആരോപണവുമായി വ്യാപാരി നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്ത്.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ഇപ്പോള്‍ നടന്നു വരുന്ന നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയരുന്നതിനിടയിലാണ് സമാന ആക്ഷേപം ഉന്നയിച്ച് അടിമാലിയിലെ വ്യാപാരി നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുള്ളത്.

റോഡിന്റെ കട്ടിംങ്ങ് സൈഡില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തുന്നത് ഭാവിയില്‍ റോഡിനുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതിന് തുല്യമാണ്. റോഡിന് ആവശ്യമായ പുറമ്പോക്ക് ഭൂമി പോലും പുറത്തിട്ടുകൊണ്ടാണ് ഇപ്പോള്‍ കട്ടിംങ്ങ് സൈഡില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തുന്നതെന്നും നേതാക്കള്‍ ആരോപിക്കുന്നു.നേര്യമംഗലം വനമേഖലയില്‍ റോഡുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ രേഖകള്‍ പരിശോധിച്ച് സ്ഥലം അളന്നുതിരിച്ചിടാന് നടപടി ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

റോഡില്‍ നടക്കുന്ന ഓട നിര്‍മ്മാണവും അശാസ്ത്രീയമാണെന്ന ആക്ഷേപം നേതാക്കള്‍ മുമ്പോട്ട് വയ്ക്കുന്നു. ഇപ്പോഴത്തെ ഓട നിര്‍മ്മാണം മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകും. നിര്‍മ്മാണ ജോലികള്‍ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ പുനപരിശോധിക്കണം. തിരുത്തല്‍ ഉണ്ടാകാത്ത പക്ഷം ബഹുജനപ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും വ്യാപാരി നേതാക്കളായ പി എം ബേബി, കെ ആര് വിനോദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ബാബു പി കുര്യാക്കോസ്, എം കമറുദീന്, കോയ അമ്പാട്ട്, എം സൈനുദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.