
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6.50-നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. തുടർന്ന് റോഡ്ഷോയും നടന്നു.
കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ അനൂപ് കുമാർ, പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇ യു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലുണ്ടായിരുന്നു.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂരിലേക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.