
മാങ്കുളം: മാങ്കുളം അമ്പതാംമൈലില്‍ കാട്ടാന ശല്യം രൂക്ഷം. ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പതാംമൈല്‍ മുപ്പത്തിമൂന്ന് ഭാഗത്താണ് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത്. കൃഷിയിടത്തില്‍ ഇറങ്ങിയ ഒറ്റയാനാണ് നാശം വരുത്തിയതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. വ്യാഴാഴിച്ച രാത്രിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചു. ഒപ്പം പ്രദേശത്തെ വൈദ്യുതി തൂണുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതോടെ ഈ മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാട്ടാന ഈ മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ട്.
കമുക് തെങ്ങ്, വാഴ, ഏലം തുടങ്ങിയ കൃഷി വിളകളാണ് കാട്ടാന നശിപ്പിച്ചത്. പകല്‍ പിന്‍വാങ്ങുന്ന കാട്ടാന രാത്രികാലത്ത് വ്യാപക നാശം വരുത്തുന്നത് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വാഴയുള്‍പ്പെടെയുള്ള കൃഷിവിളകള്ളുള്ളതിനാല്‍ തീറ്റ സുലഭമായി ലഭിക്കുമെന്നതിനാല്‍ കാട്ടാന വനത്തിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാകാതെ വരുമോയെന്ന ആശങ്ക പ്രദേശവാസികള്‍ പങ്ക് വച്ചു. സമീപത്തെ വനമേഖലയില്‍ നിന്നുമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്കെ എത്തുന്നത്. ആനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ കിടങ്ങോ വൈദ്യുതി വേലിയോ തീര്‍ത്താല്‍ കാട്ടാന ശല്യം ഒഴിവാക്കാന്‍ സാധിക്കും.

പ്രദേശത്തെ അഞ്ചിലധികം കര്‍ഷകര്‍ക്ക് ആനയുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. തെങ്ങുള്‍പ്പെടെയുള്ള കൃഷി നശിപ്പിക്കപ്പെട്ടതു മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വീടുകള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയം കുടുംബങ്ങള്‍ക്കുണ്ട്. രാത്രിയില്‍ ബഹളമുണ്ടാക്കിയും മറ്റുമാണ് ഇവര്‍ പ്രതിരോധം തീര്‍ത്തത്. കാട്ടാന ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനേയും വൈദ്യുതി വകുപ്പിനേയും വിവരമറിയിച്ചിരുന്നു. വൈദ്യുതി വകുപ്പ് പ്രദേശത്ത് താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ആനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.