ഇടുക്കി ചെമ്മണ്ണാറിൽ ജേഷ്ഠനേയും ഭാര്യയേയും സഹോദരൻ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്ത തോക്ക് കണ്ടെത്തി

സേനാപതി വട്ടപ്പാറ സ്വദേശി വലിയപറമ്പിൽ ബിനോയിയുടെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ബിനോയി സണ്ണിയെയും ഭാര്യ സിനിയേയും ചെമ്മണ്ണാറിലെ ഇവരുടെ വീട്ടിൽ എത്തി വെട്ടി പരുക്കേല്പിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ വീട്ടിൽ എത്തിയ ബിനോയി അതിക്രൂരമായി ആക്രമിയ്ക്കുകയായിരുന്നു.
സണ്ണിയുടെ വീട്ടിൽ എത്തിയ ബിനോയി ആദ്യം സിനിയെ ആക്രമിച്ചശേഷം വീടിനകത്തായിരുന്ന സണ്ണിയെയും ആക്രമിയ്ക്കുകയായിരുന്നു. അക്രമണത്തിന് ശേഷം ഇവിടെ നിന്നും പോയ ബിനോയിയെ വട്ടപ്പാറയിലെ വീട്ടിൽ നിന്നുമാണ് ഉടുമ്പഞ്ചോല പോലിസ് പിടികൂടിയത്. ഈ സമയത്താണ് തോക്കും കണ്ടെടുത്തത്
തോക്ക് എവിടെ നിന്നാണ് വാങ്ങിയതെന്നും എന്ത് ആവശ്യത്തിനാണ് വാങ്ങിയതെന്നും സംബന്ധിച്ചും ബിനോയി വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി ബിനോയിയെ കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച്ച കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിയ്ക്കുമെന്നും ഉടുമ്പഞ്ചോല പോലിസ് അറിയിച്ചു, അക്രമണത്തിൽ പരുക്കേറ്റ സണ്ണിയും ഭാര്യ സിനിയും ചികിത്സയിൽ തുടരുകയാണ്.