Latest News

കോട്ടയത്ത് കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ്റെ മരണത്തിലും ദുരൂഹത

നാടിനെ നടുക്കിയ കോട്ടയം തിരുവാതുക്കൽ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹത ശക്തമാകുകയാണ്. 2018 ൽ കൊല്ലപ്പെട്ട ഇവരുടെ മകൻ ഗൗതമിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് അഡ്വ. ടി.അസഫലി. ഗൗതമിന്റെ മരണം കൊലപാതകമെന്ന ആരോപണത്തെ തുടർന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നുവെന്നും അഡ്വ. ടി.അസഫലി പറഞ്ഞു.

കൊല്ലപ്പെട്ട വിജയകുമാർ ആണ് മകനെ കാണുന്നില്ലെന്ന പരാതി പൊലീസിന് നൽകിയത്. പിന്നീട് കാരിത്താസ് ഹോസ്പിറ്റലിന്റെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവിറക്കി ഏകദേശം 2 മാസം ആകുന്നതേയുള്ളൂ. അതിനിടയിലാണ് ഇപ്പോൾ നിയമപോരാട്ടം നടത്തിയ മാതാപിതാക്കളെ മണപെട്ടനിലയിൽ ഇന്ന് കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം കാര്യമായ കണ്ടെത്തൽ ഒന്നും നടത്താത്തതിനാലായിരുന്നു ഹൈക്കോടതി വിജയകുമാറിന്റെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏൽപ്പിച്ചത്, ഈ രണ്ടുകേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്നും അഡ്വ. ടി.അസഫലി കൂട്ടിച്ചേർത്തു.

ഗൗതം ട്രെയിൻ തട്ടി മരിച്ചു എന്നായിരുന്നു കേസ്. എന്നാൽ കഴുത്തിലും ശരീരത്തിലും ഉണ്ടായ മുറിവുകൾ സംശയമുണ്ടാക്കിയതിനെ തുടർന്നാണ് മകന്റേത് കൊലപാതകമാണെന്ന വിലയിരുത്തലിൽ ദമ്പതികൾ ഇരുവരും നിയമപോരാട്ടത്തിന് ഇറങ്ങി തിരിച്ചത്. ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ട് അവർ വിദേശത്തായതിനാൽ ഇരുവരും വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.

അതിനിടെ ഇരട്ടകൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും നിലവിൽ ആരുംതന്നെ കസ്റ്റഡിയിൽ ഇല്ലെന്നുംകോട്ടയം എസ്പി വ്യക്തമാക്കി. പ്രതി വീടിനകത്തേക്ക് കടന്നത് ജനലിൽ ഹോൾ ഉണ്ടാക്കി വാതിൽ തുറന്നാണെന്ന് കണ്ടെത്തി. വീടിനുള്ളിൽ കടന്നശേഷം ജനൽ ഗ്ലാസ് കട്ടർ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചു. വാതിലിനോട് ചേർന്ന ജനലിൽ തുള ഉണ്ടാക്കി,ജനലും വാതിലിൻ്റെ കൊളുത്തും തുറക്കുകയായിരുന്നു. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റ് ഉള്ള വീടിൻറെ മതിൽ പ്രതി ചാടി കടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!