
അടിമാലി: അടിമാലി ആയിരമേക്കര്‍ റേഷന്‍ കടപടിയില്‍ താമസിക്കുന്ന മുറുത്താങ്കല്‍ ജോയി ജാന്‍സി ദമ്പതികളുടെ മകനാണ് ആല്ബിന് ജോയി.ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ആല്ബിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ട്.മകനു വേണ്ടി വൃക്ക നല്കാന് പിതാവ് ജോയി തയാറാണെങ്കിലും ശസ്ത്ര ക്രിയക്കും തുടര്‍ ചികിത്സക്കും വേണ്ടിയുള്ള പണം കണ്ടെത്താന്‍ കുടുംബത്തിന് ആവതില്ല.

ജീവിതത്തിലേക്ക് തിരികെ എത്താന്‍ ആല്ബിന് സുമനസ്സുകളുടെ സഹായം തേടുകയാണ്.ഈ സാഹചര്യത്തിലാണ് തങ്ങളുടെ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ആല്‍ബിനെ സഹായിക്കാന്‍ അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുന്നത്.ആല്ബിന് ചികിത്സാ സഹായനിധിയിലേക്ക് പണം കണ്ടെത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ നാളെ അടിമാലിയില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും.

ബിരിയാണി ചലഞ്ചിനായുള്ള ഒരുക്കങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.ഏറ്റവും ഹൈജീനിക്കായി ആവശ്യക്കാരിലേക്ക് ബിരിയാണി എത്തിക്കുവാനാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.ബിരിയാണി ചലഞ്ചില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കുട്ടികള്‍ തന്നെ ബിരിയാണി ആവശ്യക്കാരുടെ കൈകളില്‍ എത്തിച്ച്് നല്‍കും.ആവശ്യക്കാര്‍ക്ക് ബിരിയാണി വാങ്ങുകയുമാകാം. 150 രൂപ നിരക്കില്‍ ബിരിയാണി വില്‍പ്പന നടത്താനാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ബിരിയാണി ചലഞ്ചിലൂടെ ലഭിക്കുന്ന ലാഭതുക ആല്‍ബിന്റെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറും.