
അടിമാലി: ഒരു മാസം മുമ്പ് വരെ 300 രൂപ ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പെട്ടെന്ന് ഇടിഞ്ഞത് വെളുത്തുള്ളി കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം സമ്മാനിക്കുന്നു. വിളവെടുപ്പിന്റെ ആരംഭഘട്ടത്തില്‍ ലഭിച്ച ഉയര്‍ന്ന വില വെളുത്തുള്ളി കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചാണിപ്പോള്‍ വെളുത്തുള്ളിയുടെ വില കുത്തനെ കൂപ്പുകുത്തിയിട്ടുള്ളത്. ജനുവരി അവസാനമാണ് കര്‍ഷകര്‍ വെളുത്തുള്ളി വിളവെടുപ്പ് തുടങ്ങിയത്. 150 മുതല്‍ 300 രൂപ വരെയാണ് അന്ന് ഒരു കിലോക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഒരു കിലോഗ്രാം പച്ച വെളുത്തുള്ളിക്ക് 50 രൂപയും ഉണങ്ങിയതിന് 100 രൂപയുമാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കൃഷി നഷ്ടത്തിലായി. കഴിഞ്ഞ വര്‍ഷം ഉണങ്ങിയ വെളുത്തുള്ളി കിലോക്ക് 600 രൂപ വരെ ലഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതു കാരണം വലിയൊരു വിഭാഗം കര്‍ഷകരും പച്ചക്കറി കൃഷികള്‍ ഉപേക്ഷിച്ച് ഇത്തവണ വ്യാപകമായി വെളുത്തുള്ളി കൃഷി ചെയ്തിരുന്നു. കാലാവസ്ഥ അനുകൂലമായിരുന്നതി നാല്‍ മികച്ച വിളവാണ് ലഭിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യാപകമായി വെളുത്തുള്ളി എത്തിയതാണ് വില ഇടിയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
തമിഴ്‌നാട്ടിലെ വടുകപ്പട്ടി, മേട്ടുപ്പാളയം മാര്‍ക്കറ്റുകളില്‍ നിന്നുള്ള കച്ചവടക്കാരാണ് നേരിട്ടെത്തി കര്‍ഷകരില്‍ നിന്നു വെളുത്തുള്ളി വാങ്ങിക്കൊണ്ടു പോകുന്നത്. ഏറെ ഔഷധ ഗുണമേന്മയുള്ളതാണ് മലപ്പുണ്ട് എന്നറിയപ്പെടുന്ന വട്ടവടയിലെ വെളുത്തുള്ളി. കച്ചവടക്കാര്‍ വട്ടവടയില്‍ നിന്നു വാങ്ങുന്ന വെളുത്തുള്ളി മുന്‍ വര്‍ഷങ്ങളില്‍ പ്രധാന ഔഷധ നിര്‍മാണ കമ്പനികളാണ് വാങ്ങിയിരുന്നത്. കിലോക്ക് 350 രൂപക്കാണ് ഇത്തവണ കര്‍ഷകര്‍ വെളുത്തുള്ളി വിത്തുകള്‍ വാങ്ങി കൃഷി ചെയ്തത്.