
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി താലൂക്കാശുപത്രികളെ സ്പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതികളാണ് അടിമാലി താലൂക്കാശുപത്രിയില്‍ നടന്നു വരുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് തുറന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

2025 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രിയിലും ഡയാലിസിസ് സെന്റര്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. നവംബര്‍ മാസത്തോടെ അടിമാലി താലൂക്കാശുപത്രിയില്‍ ബ്ലെഡ് ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതിനായി വേണ്ടുന്ന നിര്‍ദ്ദേശം മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നല്കി. ബ്ലെഡ് ബാങ്കിനായുള്ള ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പഥോളജിസ്റ്റിനെ നിയമിക്കുന്നതിനായുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപ്രതിയില്‍ കാര്‍ഡിയോളജി സൗകര്യം ഒരുക്കുന്നതിന് വേണ്ടുന്ന ശ്രമങ്ങളിലാണ് ഉള്ളതെന്നും ചികിത്സാ രംഗത്ത് ഇടുക്കി ജില്ലക്ക് ഇനി അടിയന്തിരമായി വേണ്ടത് കാര്‍ഡിയോളജി വിഭാഗം തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അടിമാലി താലൂക്കാശുപത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. താലൂക്കാശുപത്രിയുടെ ക്യാഷ്വാലിറ്റി ബ്ലോക്കിന് മുകള്‍ നിലയിലാണ് ഡയാലിസിസ് സെന്റര്‍ തുറന്നിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള ക്രമീകരണമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ എ കുമാര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എച്ച് എം സി അംഗങ്ങള്‍, സാമൂഹിക, സാംസ്ക്കാരിക, വാണിജ്യ രംഗത്തെ ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ചിത്രം: അടിമാലി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു