
അടിമാലി : ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്ത്. ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം. കുമളി – മൂന്നാർ സംസ്ഥാനപാതയിൽ ആനയിറങ്കലിൽ പ്രവർത്തിക്കുന്ന റേഷൻ കടയ്ക്ക് നേരെ ചക്കകൊമ്പൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എം എം രവീന്ദ്രന്റെ ലൈസൻസിയിലുള്ള ഉടുമ്പൻചോല എ ആർ ഡി 26 നമ്പർ കടയാണ് തകർത്തത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത ആന അരി ചാക്കുകൾ വലിച്ച് പുറത്തേക്കിട്ട് അരി ഭക്ഷിച്ചു. നാട്ടുകാർ ബഹളം വെച്ചതിന് തുടർന്ന് ഏറെ നേരത്തിനു ശേഷമാണ് ആന മേഖലയിൽ നിന്നും മടങ്ങിയത്. തുടർന്ന് ആർ ആർ ടി സംഘവും സ്ഥലത്തെത്തി. മുമ്പ് നിരവധിതവണ ഇതേ റേഷൻ കട അരികൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ തകർത്തിരുന്നു.ഇതിന് സമീപമുള്ള അരികൊമ്പൻ്റെ നിരന്തര ആക്രമണം നേരിട്ടിരുന്ന പന്നിയാറിലെ റേഷൻ കട രണ്ടുമാസം മുമ്പാണ് ചക്കക്കൊമ്പൻ തകർത്തത്.ഇതിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു വരുന്നതിനിടയിലാണ് സമീപത്തുള്ള റേഷൻകടയിലും ആന ആക്രമണം നടത്തിയിട്ടുള്ളത്.