
മൂന്നാര്‍: ഈ വനിതാ ദിനത്തില്‍ വ്യത്യസ്തമായൊരു ജീവിത വിജയകഥ പറയാനുള്ള ആളാണ് മൂന്നാറുകാരിയും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ ബാനു കലൈവാണി. തോട്ടം മേഖലയുടെ പരിമിതികളെ സ്വപ്രയത്‌നത്തിലൂടെ മറികടന്ന് തിരക്കുള്ള മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ ആളാണ് മൂന്നാര്‍ ഗ്രഹാം സ്ലാന്റ് സ്വദേശിനിയായ ബാനു.തോട്ടം തൊഴിലാളിയായ ദുരൈപാണ്ഡ്യന്റെയും ജയലക്ഷ്മിയുടെയും മകള്‍. സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകി ബാനുവിന്റെ കൈകള്‍ ചലിച്ച് തുടങ്ങിയിട്ട് 20 വര്‍ഷത്തോളമാകുന്നു. സിനിമാരംഗത്ത് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്തി നില്‍ക്കുന്നതാണ് ബാനുവിന്റെ ജീവിതയാത്ര. ഇതിനോടകം വിവിധ ഭാഷകളില്‍ വെള്ളിത്തിരയില്‍ ബാനുവിന്റെ പേര് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അടയാളപ്പെടുത്തി കഴിഞ്ഞു.നിരവധി ഫാഷന്‍ ഷോകളിലും മിസ് ഗ്ലാം വേള്‍ഡിലുമടക്കം ബാനു മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു.
2021 ല്‍ തമിഴ്‌നാട്ടില്‍ നടന്ന മിസിസ് ഇന്ത്യ ക്യൂന്‍ മത്സരത്തിലും ബാനു തന്റെ സാന്നിധ്യമറിയിച്ചു.തന്റെ പ്രവര്‍ത്തന മേഖലയിലുള്ള വിവിധ അവാര്‍ഡുകളും ബാനു കലൈവാണി ഇതിനോടകം നേടിയെടുത്തു. മെയ്ക്കപ്പ് രംഗത്തിപ്പോള്‍ പരിശീലകയായും ബാനു പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിത സാഹചര്യത്താല്‍ എത്തപ്പെട്ട വഴി വിജയതിളക്കമുള്ളതാക്കി മാറ്റിയ കഥയാണ് ബാനു കലൈവാണിക്ക് ഈ വനിതാ ദിനത്തില്‍ പറയാനുള്ളത്.