മുത്തമ്മുടി ശ്രീ മുരുക ക്ഷേത്രത്തിലെ ക്ഷേത്ര പ്രതിഷ്ഠയും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതല്‍ 7വരെ നടക്കും

അടിമാലി:കുഞ്ചിത്തണ്ണി മുത്തമ്മുടി ശ്രീ മുരുക ക്ഷേത്രത്തിലെ ക്ഷേത്ര പ്രതിഷ്ഠയും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതല്‍ 7വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങുകളുടെ ഭാഗമായി മൂന്നാര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വിഗ്രഹഘോഷയാത്ര വൈകിട്ട് മുത്തന്‍മ്മുടി ശ്രീകുമാരിയമ്മന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് യജ്ഞശാലയിലേക്ക് ആനയിക്കുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം എം. എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര ബാലതാരം ദേവനന്ദ ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ചലച്ചിത്ര സംവിധായകനും വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി ഭദ്ര ദീപം തെളിയിക്കും.നാളെ മുതല്‍ ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്ക് പുറമെ യജ്ഞശാലയില്‍ പ്രത്യേക പൂജകളും നടക്കും. ഏഴാം ദിവസം ക്ഷേത്രത്തില്‍ മഹാപ്രതിഷ്ഠ നടക്കും.ഉച്ചക്ക് 12. 14നും 1 നും ഇടയില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി മുക്കുളം വിജയന്‍ തന്ത്രി, ക്ഷേത്രം മേല്‍ശാന്തി അജിത്ത് കൊട്ടാരത്തില്‍, ക്ഷേത്രാചാര്യന്‍ പാണ്ഡിമുനീശ്വരന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും. എല്ലാ ദിവസവും ക്ഷേത്രത്തില്‍ അന്നദാനം ക്രമീകരിച്ചിട്ടുള്ളതായും ക്ഷേത്രം പ്രസിഡന്റ് എസ്.കെ.എം മണികണ്ഠന്‍, സെക്രട്ടറി ഇ.ജി.ബിനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.