
ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ പൂർണ അനുവാദം നൽകിയിട്ടും അത് പ്രയോജനപ്പെടുത്താതെ ഇടുക്കിയിലെ തദ്ദേശസ്ഥാപനങ്ങൾ. സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാകുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കാട്ടുപന്നികളുടെ ശല്യമുണ്ട്. കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് വർഷംതോറും പന്നികൾ നശിപ്പിക്കുന്നത്. ഇവയുടെ ആക്രമണത്തിൽ കർഷകർക്കടക്കം പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പാമ്പനാറിൽ വീട്ടമ്മയെ ആക്രമിച്ചു.
സർക്കാർ കണക്കിൽ പിന്നിൽ
കാട്ടുപന്നികളെ കൊന്നൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയശേഷം ജില്ലയിൽ ഒന്നിനെ മാത്രമാണ് വെടിവെച്ചുകൊന്നതെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പറയുന്നത്. ഇരട്ടയാർ പഞ്ചായത്തിലാണത്. അടുത്തിടെ കൊന്നത്തടി പഞ്ചായത്തിൽ ഒന്നിനെ കൊന്നിരുന്നു.
സർക്കാരിന്റെ കണക്കിൽ ഒരെണ്ണമേയള്ളൂവെങ്കിലും ചില പഞ്ചായത്തുകളിൽ അതിലും കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നിട്ടുണ്ട്. കാഞ്ചിയാർ- 10, പെരുവന്താനം- രണ്ട്, പാമ്പാടുംപാറ- ഒന്ന്, കൊന്നത്തടി- ഒന്ന്, അടിമാലി- ഒന്ന്, കൊക്കയാർ- മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ.
സംസ്ഥാനത്താകെ 5102 പന്നികളെയാണ് വെടിവെച്ചത്. പാലക്കാടാണ് പട്ടികയിൽ മുൻപിൽ. ഇതിൽ ഏറ്റവും ഒടുവിലാണ് ഇടുക്കിയുടെ സ്ഥാനം. കാര്യമായ കൃഷിപോലുമില്ലാത്ത പല ജില്ലകളും ഇക്കാര്യത്തിൽ ഇടുക്കിയെക്കാൾ ഏറെ മുൻപിലാണ്.
ലൈസൻസ് പുതുക്കുന്നില്ല
മിഷൻ വൈൽഡ് പിഗ് പദ്ധതി പ്രകാരം പഞ്ചായത്തുകളാണ് ഷൂട്ടർമാരുടെ പട്ടിക തയ്യാറാക്കി വനംവകുപ്പിന് നൽകേണ്ടത്. എന്നാൽ, പകുതി പഞ്ചായത്തുകൾ മാത്രമാണ് പട്ടിക നൽകിയത്. ഇതിലുൾപ്പെട്ട ഷൂട്ടർമാരിൽ ഭൂരിഭാഗം പേരുടെയും തോക്കിന്റെ ലൈസൻസ് പുതുക്കി നൽകിയിട്ടുമില്ല. അതിനാൽ കാട്ടുപന്നിയിറങ്ങുമ്പോൾ ഇവർക്ക് തോക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരു പഞ്ചായത്തിൽ കാട്ടുപന്നിയിറങ്ങിയാൽ കിലോമീറ്ററുകൾ അപ്പുറത്തുനിന്ന് ഷൂട്ടറെ കൊണ്ടുവരേണ്ടിവരും. ഈ സമയംകൊണ്ട് പന്നി രക്ഷപ്പെടുകയും ചെയ്യും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസാണ് ലൈസൻസ് പുതുക്കി നൽകേണ്ടത്. ഇതിന് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. പക്ഷേ, പല കഴിഞ്ഞ നവംബർ മുതൽ അൻപതോളം ഷൂട്ടർമാരുടെ പുതുക്കൽ അപേക്ഷ നടപടിയില്ലാതെ കിടക്കുകയാണ്. ഇതിൽ പലരും ഇതിനകം പഞ്ചായത്തുകളുടെ പട്ടികയിൽനിന്ന് സ്വയം ഒഴിവാകുകയും ചെയ്തു.


