മരം മുറിച്ചതില്‍ കേസെടുത്ത സംഭവം; പ്രതികരണവുമായി എന്‍ എച്ച് സംരക്ഷണ സമിതി

അടിമാലി: ദേശിയപാതയോരത്തെ മരംമുറിച്ചുള്ള പ്രതിഷേധത്തില്‍ വനംവകുപ്പ് കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി എന്‍ എച്ച് സംരക്ഷണ സമിതി രംഗത്ത്. കേസിനെ നിയമപരമായി നേരിടുമെന്ന് എന്‍ എച്ച് സംരക്ഷണ സമിതി ചെയര്മാന് പി എം ബേബി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മരംമുറിക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത് കോടതിയലക്ഷ്യ നടപടികളാണെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു. ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കുവാന്‍ കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും വനം, റവന്യു വകുപ്പുകള്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു എന്‍ എച്ച് സംരക്ഷണ സമിതി കഴിഞ്ഞ 8ന് പ്രതിഷേധം സംഘടിപ്പിച്ചതും ദേശിയപാതയോരത്ത് നിന്നിരുന്ന രണ്ട് പാഴ്മരങ്ങള്‍ മുറിച്ച് നോക്കിയതും. ഇതുമായി ബന്ധപ്പെട്ട് പിന്നീട് വനംവകുപ്പ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി എന്‍ എച്ച് സംരക്ഷണ സമിതി രംഗത്ത് വന്നിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് തങ്ങളെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനാകില്ല. വനത്തില്‍ കയറി മരംമുറിച്ചിട്ടുണ്ടെങ്കില് അത് തെളിയിക്കാനുള്ള ബാധ്യത വനം വകുപ്പിനെതിരെ ശക്തമായ തുടര്‍സമരങ്ങളുമായി സമിതി വരും ദിവസങ്ങളില്‍ രംഗത്ത് വരും. നിയമപരമായ കേസ് നടത്തിപ്പിനും തുടര്സമരങ്ങള്ക്കുമായി ജനകീയ ധനസമാഹരണം നടത്തും. ദേശിയപാത വികസനം സാധ്യമാകും വരെ പ്രതിഷേധവുമായി മുമ്പോട്ട് പോകുമെന്നും എന്‍ എച്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.