KeralaLatest NewsLocal news

എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ പരിരക്ഷ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യപരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് മരിയാപുരം പഞ്ചായത്ത് വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ ആധാരം കൈമാറലും സിഎസ്ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ് നിര്‍മ്മാണ ഉദ്ഘാടനവും കൊച്ചു കരിമ്പന്‍ ജംക്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, രോഗികള്‍ തുടങ്ങി എല്ലാവര്‍ക്കും തുല്യപരിരക്ഷ നല്‍കുന്ന സമീപനത്തിന്റെ ഭാഗമയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ഇത്രയും സുപ്രധാനമായ തീരുമാനം സ്വീകരിച്ച സര്‍ക്കാര്‍ വേറെയില്ല. വീടില്ലാത്തവര്‍, സ്ഥലമില്ലാത്തവര്‍, ജീവിതമാര്‍ഗമില്ലാത്തവര്‍ എന്നിങ്ങനെ ഒരാള്‍ പോലും അതിദരിദ്രരായി ഉണ്ടാകരുത്. അത്തരക്കാരെ സംരക്ഷിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച് തീരുമാനിച്ചു. ഈ പ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുന്നു. അടുത്ത നവംബര്‍ ഒന്നാം തീയതി അതിദരിദ്രരായി ആരും ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് മിരിയാപുരം പഞ്ചായത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി ലഭ്യമാക്കിയത്. ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുളള പ്രവര്‍ത്തനങ്ങളും അതിവേഗം പൂര്‍ത്തിയാക്കും.

മലയോര മേഖലയായ ഇടുക്കിയില്‍ മികച്ച റോഡുകളാണുള്ളത്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം 80% പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പഞ്ചായത്തുകളാണ്. ഈ പ്രദേശത്തിന്റെ വികസനം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഗ്രാമീണ റോഡുകളില്‍ പ്രാധാന്യമുള്ളതാണ് സിഎസ്ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ്. അതുകൊണ്ടു തന്നെ ഒന്നേകാല്‍ കോടിയിലധികം രൂപ റോഡിനായി ആകെ ചെലവഴിച്ചു. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയാണ് ലക്ഷ്യം. റോഡിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാവശ്യമായ നിര്‍ദേശം നല്‍കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണത്തില്‍ നിന്ന് 45 ലക്ഷവും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും മുതല്‍ മുടക്കിയാണ് സിഎസ്‌ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ് നിര്‍മ്മിക്കുന്നത്.

എല്ലാവര്‍ക്കും ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിനുളള പദ്ധതി അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കും. ഇടുക്കി ഡാമിനോട് ചേര്‍ന്ന് പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഫ്‌ളോട്ടിംഗ് പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ചാണ് വീടുകളിലെത്തുക. എല്ലാ വീടുകളിലും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിനായി 800 കോടി രൂപയാണ് മണ്ഡലത്തില്‍ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സുകുമാരന്‍ മണ്ഡപത്തില്‍, സുജ ശശി എന്നിവര്‍ക്കാണ് സ്ഥലം ലഭിച്ചത്. സുകുമാരന്റെ ഭാര്യ കെ.ആര്‍. ഓമനയും മകള്‍ അതുല്യ സുകുമാരനും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി. നടക്കാന്‍ ബുദ്ധിമുട്ടുള്ള സുജ ശശിക്ക് മന്ത്രി സദസിലെത്തി ആധാരം കൈമാറി. സ്ഥലം വിട്ടു നല്‍കിയ അനില്‍ പള്ളത്തിനെ മന്ത്രി ആദരിച്ചു. മരിയാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പത്ത് സെന്റ് ഭൂമിയാണ് രണ്ട് കുടുംബങ്ങള്‍ക്കായി ഇദ്ദേഹം വിട്ടുനല്‍കിയത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് കുടുംബങ്ങള്‍ക്ക് മരിയാപുരം പഞ്ചായത്തും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്ന് ഭൂമി വാങ്ങി നല്‍കിയത്.

മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍, വാര്‍ഡ് മെംബര്‍ വിനോദ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ അനുമോള്‍ കൃഷ്ണന്‍, ഷാജു പോള്‍, ബെന്നി മോള്‍ രാജു, കരിമ്പന്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുനില്‍കുമാര്‍ ജേക്കബ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടോമി എളംതുരുത്തിയില്‍, സണ്ണി പുല്‍ക്കുന്നേല്‍, ജോയ്‌സ് ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!